സ‍ര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് തരിശ് ഭൂമിയിൽ പൊന്ന് വിളയിച്ചു; സബ്സിഡി പോലും കൊടുക്കാതെ കൃഷി വകുപ്പ്

സ‍ര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് തരിശ് ഭൂമിയിൽ പൊന്ന് വിളയിച്ചു; സബ്സിഡി പോലും കൊടുക്കാതെ കൃഷി വകുപ്പ്



കൊല്ലം: കിഴക്കേ കല്ലടയിൽ തരിശ് ഭൂമിയിൽ കൃഷിയിറക്കിയ കര്‍ഷകന് കൃഷി വകുപ്പ് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് പരാതി. ചെന്നിത്തല സ്വദേശി ജിനു ജോര്‍ജ്ജാണ് പരാതിക്കാരൻ. സബ്സിഡി ഉൾപ്പെടെ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുന്നുവെന്നാണ് ആരോപണം. അതേസമയം നിലത്തിന്റെ രേഖകളിലെ അവ്യക്തതകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.

കിഴക്കേ കല്ലടയിലെ തൃവേണി പാടശേഖരം 35 കൊല്ലമാണ് തരിശായി കിടന്നത്. നൂറ് ഹെക്ടറിലധികം വരുന്ന വയൽ ചെന്നിത്തല സ്വദേശി ജിനു ജോര്‍ജ്ജ് പാട്ടത്തിനെടുത്ത് നിലമൊരുക്കിയത്. പാലക്കാട് നിന്നും വിത്തുകൾ കൊണ്ടുവന്നു വിതച്ചു. പാടശേഖര സമിതിയും ഒപ്പം കൂടി. ഇപ്പോൾ കതിരണിഞ്ഞ് നിൽക്കുകയാണ് തൃവേണിപാടം. ഒരു ഹെക്ടര്‍ തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ 40000 രൂപയാണ് സര്‍ക്കാർ സബ്സിഡി നൽകുക. ഇതു കിട്ടാൻ കൃഷി ഓഫീസ് കയറി മടുത്തെന്ന് പാടശേഖരം പാട്ടത്തിനെടുത്ത ജിനു പറയുന്നു.

വര്‍ഷങ്ങളായി കാടു പിടിച്ച് കിടന്ന പാടശേഖരം കൃഷിഭൂമിയാക്കിയത് ഏറെ ശ്രമകരമായാണ്. പായലും ചെളിയും നിറഞ്ഞ അന്പിത്തോട് വൃത്തിയാക്കി. പുറം ബണ്ട് കെട്ടി. കിഴക്കേക്കല്ലടയിലേക്ക് കൃഷി തിരികെ എത്തിച്ചവരെ സര്‍ക്കാർ കൈവിടരുതെന്നാണ് തൃവേണി പാടശേഖര സമിതിയും പറയുന്നത്. രേഖകളിൽ അവ്യക്തതകളുണ്ടെന്നും പാടശേഖരം അളന്നു തിട്ടപ്പെടുത്തി തരണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും കൃഷി വകുപ്പ് അറിയിച്ചു. ഇതു ലഭിച്ചാൽ ഉടൻ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും കൃഷി വകുപ്പ് പറയുന്നു