മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം നവീകരണകലശ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ അവസാനിച്ചു

മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം: 
നവീകരണകലശ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ അവസാനിച്ചു


 
ഇരിട്ടി: മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ പത്തു ദിവസത്തോളമായി നടന്നുവന്ന  നവീകരണകലശ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ അവസാനിച്ചു. തിങ്കളാഴ്ച പുലർച്ചെ നടതുറന്ന്  കണിദർശിക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് കലശാഭിഷേകങ്ങൾ നടന്നു. സകല വാദ്യങ്ങളോടെയും കുംഭേശ കർക്കരി ബ്രഹ്മ കലശങ്ങൾ ക്ഷേത്ര പ്രദക്ഷിണത്തോടെ അകത്തേക്കെഴുന്നള്ളിച്ച് അഭിഷേകം ചെയ്തു. 
വൈകുന്നേരം നടന്ന  വട്ടക്കുന്നില്ലം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം ദർശിക്കാനും വലിയ ഭക്തജന ബാഹുല്യമാണ് ക്ഷേത്രത്തിൽ ഉണ്ടായത്. തുടർന്ന് നടന്ന സാംസ്‌കാരിക സദസ്സ് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ ഐ എ എസ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷനായി. ജ്യോതിഷ പണ്ഡിതൻ ഇരിങ്ങാലക്കുട പത്മനാഭ ശർമ്മ, ദീപക് നാരായണൻ, കെ. കെ. രാമചന്ദ്രൻ, ഡോ. ടി.ജി. മനോജ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എക്സിക്യു്ട്ടീവ് ഓഫീസർ എം. മനോഹരൻ സ്വാഗതവും മുരളി മുഴക്കുന്ന് നന്ദിയും പറഞ്ഞു.