വ്യക്തിപൂജ ഒരു കാര്യത്തിനും ഗുണകരമാകില്ലെന്ന് ആര്‍എസ്എസ് ; വൈവിദ്ധ്യ ചിന്താധാരകള്‍ കൊണ്ടേ രാജ്യം വളരൂ എന്ന് മോഹന്‍ഭഗവത്

വ്യക്തിപൂജ ഒരു കാര്യത്തിനും ഗുണകരമാകില്ലെന്ന് ആര്‍എസ്എസ് ; വൈവിദ്ധ്യ ചിന്താധാരകള്‍ കൊണ്ടേ രാജ്യം വളരൂ എന്ന് മോഹന്‍ഭഗവത്


നാഗ്പൂര്‍: എല്‍ജിബിടി സമൂഹത്തെ പിന്തുണച്ച് യാഥാസ്ഥിതികരെ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയതിന് പിന്നാലെ വ്യക്തിപൂജയ്ക്ക് എതിരേയും നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്. വൈവിദ്ധമാര്‍ന്ന ചിന്താധാരകളും സംവിധാനങ്ങളും കൊണ്ടേ ഒരു രാജ്യം വളരൂ എന്നും ഒരു വ്യക്തി, ഒരു ചിന്ത എന്നത് ഗുണകരമാകില്ലെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു.

നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു വിമര്‍ശനം. ലോകത്തെ നല്ല രാജ്യങ്ങളിലെല്ലാം എല്ലാത്തരം ചിന്താധാരകളുമുണ്ടെന്നും ഈ വൈവിദ്ധ്യതയുടെ ബലത്തില്‍ അവര്‍ വളരുകയാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഒരു വ്യക്തി, ഒരു തത്വശാസ്ത്രം, ഒരു ചിന്ത, ഒരു സംഘം എന്നിവയ്‌ക്കൊന്നും ഒരു രാജ്യത്തെ വളര്‍ത്താനോ തളര്‍ത്താനോ കഴിയില്ലെന്നും പറഞ്ഞു.

ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ 'ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' പ്രസ്താവനയെയും മോഹന്‍ ഭഗവത് എതിര്‍ത്തു. രാജ്യത്തിന്റെ ആവശ്യം എന്ന നിലയിലാണ് നരേന്ദ്രമോഡി ഈ പ്രസ്താവന നടത്തിത്. പല മാസങ്ങളിലായി നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ പല രീതിയിലായി രാജ്യത്തിന്റെ പുരോഗതിയ്ക്ക് കാര്യമായ ആഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകരുമായി സംവേദിക്കുമ്പോഴായിരുന്നു തന്റെ നിലപാട് മോഡി വ്യക്തമാക്കിയത്. ഒരു രാജ്യവും ഒരു വോട്ടേഴ്‌സ് ലിസ്റ്റും പണവും സമയവും ലാഭിക്കുമെന്നായിരുന്നു മോഡിയുടെ കണ്ടെത്തല്‍.

അതേസമയം ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. ബിജെപിയ്ക്ക് ഒന്നിനെ കുറിച്ച് മാത്രമേ അറിയുള്ളൂ എന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനും ശേഷം ഒരു മതവും ഒരു ഭാഷയും ഒരു ഭക്ഷണം, ഒരു നികുതി, ഒരു പരീക്ഷ, ഒരു വളം, ഒരുമിച്ച് പാട്ട് എന്നിവയെല്ലാം ബിജെപി കൊണ്ടുവരുമെന്നും വിമര്‍ശിച്ചു.

നേരത്തേ സ്വവര്‍ഗ്ഗാനുരാഗം ജൈവീകമാണെന്നും മറ്റൊരുതരം ജീവിതമാണെന്നും മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം അത്തരം മനുഷ്യരും ഉണ്ടാകുമെന്ന് മോഹന്‍ ഭഗവത് നേരത്തേ പറഞ്ഞിരുന്നു. എല്‍ജിബിടിയില്‍ പെടുന്നവര്‍ക്ക് അവരുടേതായ സ്വകാര്യ ഇടങ്ങളുണ്ടാകണം എന്ന നിലപാടാണ് സംഘപരിവാറിന്റേതെന്നും അവര്‍ അവരായി തന്നെ തുടരാന്‍ ഇട നല്‍കേണ്ടതുണ്ടെന്നുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പറഞ്ഞിരുന്നു