അമ്മയെ വെട്ടിക്കൊന്നു അലമാരയിൽ സൂക്ഷിച്ചു, ദുർഗന്ധം മറയ്ക്കാന്‍ 200 ബോട്ടിൽ പെർഫ്യൂം വാങ്ങിഒഴിച്ചു; ഞെട്ടല്‍മാറാതെ മുംബൈ

അമ്മയെ വെട്ടിക്കൊന്നു അലമാരയിൽ സൂക്ഷിച്ചു, ദുർഗന്ധം മറയ്ക്കാന്‍ 200 ബോട്ടിൽ പെർഫ്യൂം വാങ്ങിഒഴിച്ചു; ഞെട്ടല്‍മാറാതെ മുംബൈ 


മുംബൈ: മുംബൈയിൽ അമ്മയെ മകള്‍ വെട്ടിക്കൊന്ന് അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ ദുരൂഹത തീരുന്നില്ല. 24 കാരിയായ മകളെ പൊലീസ് അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റ്  ചെയ്തിരുന്നു. എന്നാല്‍,  കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മൃതദേഹം അലമാരയിൽ സൂക്ഷിച്ച ശേഷം അതില്‍ നിന്നും ദുർഗന്ധം വരാതിരിക്കാന്‍ 200 ബോട്ടിൽ പെർഫ്യൂം വാങ്ങി ഒഴിച്ചതായി പ്രതി റിംപിൾ ജെയിൻ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ദാദറിനടുത്ത് ലാൽ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകൾ റിംപിൾ ജെയ്ൻ അലമാരയിൽ സൂക്ഷിച്ചത്. ഇരുവരും മാത്രമായിരുന്നു ഒറ്റമുറി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ 2 മാസമായി ബന്ധുക്കൾ അന്വേഷിക്കുമ്പോഴൊക്കെ അമ്മ കാൺപൂരിൽ പോയെന്നാണ് റിംപിൾ പറഞ്ഞ് കൊണ്ടിരുന്നത്.
വരുമാനമൊന്നുമില്ലാത്തതാൽ അമ്മ വീണയുടെ സഹോദരൻ മാസം നൽകുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പണം നൽകാനായി എത്തിയ അമ്മാവന്‍റെ മകനെ അകത്ത് കയറാൻ അനുവദിക്കാതിരുന്നതാണ് സംശയം തോന്നാനിടയാക്കിയത്. ഇതോടെ ഇയാൾ ബന്ധുക്കളെ വിളിച്ച് വരുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ അലമാരയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അടുത്ത് താമസിക്കുന്നവർ നേരത്തെ പരാതിപ്പെട്ടിരുന്നു. തുടർന്ന് വലിയ തോതിൽ പെർഫ്യൂം വാങ്ങി മൃതദേഹത്തിന് മുകളിൽ ഒഴിച്ചെന്ന് റിംപിൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 27ന് ഫ്ലാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയിൽ നിന്ന് വീണ് 55കാരിയായ വീണയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് തൊട്ടടുത്ത റസ്റ്റോറന്‍റിലെ ജീവനക്കാരാണ് റോഡിൽ വീണ് കിടന്ന വീണയെ വീട്ടിലാക്കിയത്. എന്നാൽ ഡോക്ടറുടെ അടുത്ത് കൊണ്ട് പോവാൻ മകൾ അനുവദിച്ചില്ലെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകി.

തുടർന്നുള്ള ഏതെങ്കിലും ഒരു ദിവസം കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിൽ നിന്ന് മാർബിൾ കട്ടറും വലിയ കത്തികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.