ദേശീയപാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് 30 അടിയോളം താഴ്ചയിലേക്ക് പതിച്ച് ബസ്, 19 മരണം

ദേശീയപാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് 30 അടിയോളം താഴ്ചയിലേക്ക് പതിച്ച് ബസ്, 19 മരണം


മദാരിപൂര്‍: ദേശീയ പാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് റോഡ് സൈഡിലെ കുഴിയിലക്ക് ബസ് വീണതിന് പിന്നാലെ ബംഗ്ലാദേശില്‍  19 പേര്‍ കൊല്ലപ്പെട്ടു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ എക്സ്പ്രസ് വേയുടെ കൈവരിപ്പാത തകര്‍ത്താണ് ബസ് 30 അടിയോളം ആഴത്തിലേക്ക് വീണത്. നാല്‍പതോളം യാത്രക്കാരായിരുന്നു അപകട സമയത്ത് ബസിലുണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അപകടത്തില്‍ പരിക്കേറ്റ പന്ത്രണ്ട് പേരുടെ അവസ്ഥ ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബ്ചാര്‍ ജില്ലയിലെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. ധാക്കയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ നഗരം. പഴകിയതും കൃത്യമായ രീതിയില്‍ മെയിന്‍റെനന്‍സ് ചെയ്യാത്തതുമായ വാഹനങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും മൂലം റോഡപകടങ്ങള്‍ ബംഗ്ലാദേശില്‍ സാധാരണമാണ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും  അപകടത്തിന് കാരണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്