കൂട്ടുകാരോട് മത്സരിച്ച് ​ഗുളിക കഴിച്ചു; 45 അയൺ ​ഗുളികകൾ കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൂട്ടുകാരോട് മത്സരിച്ച് ​ഗുളിക കഴിച്ചു; 45 അയൺ ​ഗുളികകൾ കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  


ചെന്നൈ: മത്സരിച്ച് ​ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ  എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയൺ ​ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. ജയ്ബ ഫാത്തിമ (13) എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി 45 ഗുളികകൾ കഴിച്ചെന്നാണ് സൂചന. സ്കൂളിലെ പ്രധാനാധ്യാപകന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഗുളികകളാണ് കുട്ടി കഴിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയും കൂട്ടുകാരും ​ഗുളിക കഴിച്ച് മത്സരിച്ചത്. കുട്ടിക്കൊപ്പം ​ഗുളിക കഴിച്ച മൂന്ന് പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും തലകറക്കത്തെ തുടർന്ന്  ഊട്ടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആൺകുട്ടികൾ സുഖം പ്രാപിച്ചെങ്കിലും പെൺകുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയ്ബ ഫാത്തിമയുടെ നില വഷളായതിനെ തുടർന്ന് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചഭക്ഷണസമയത്ത് പ്രധാനാധ്യാപകന്റെ മുറിയിൽ കയറിയ ആറ് വിദ്യാർത്ഥികൾ അയൺ ഗുളികകൾ അടങ്ങിയ പെട്ടി കണ്ടെത്തി.

ആരാണ് കൂടുതൽ ഗുളികകൾ കഴിക്കുന്നതെന്ന് പരസ്പരം വെല്ലുവിളിക്കുകയും ​ഗുളികകൾ കഴിയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ മുനിസ്വാമി പറഞ്ഞു. സ്‌കൂളിലെ എട്ട് അധ്യാപകർക്കും പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് മെമ്മോ അയച്ചു. 15 ഗുളികകൾ അടങ്ങുന്ന മൂന്ന് സ്ട്രിപ്പാണ് ജയ്ബ കഴിച്ചത്. സ്‌കൂളിലെ ഉറുദു അധ്യാപികയുടെ മകളാണ് ജയ്ബ. സ്‌കൂളുകളിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ അയൺ ഗുളികകൾ നൽകാറുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു