പായത്തെ സമ്പൂർണ്ണ പാൽ ഗ്രാമമാക്കും;51കോടിയുടെ ബജറ്റിന് അംഗീകാരം

പായത്തെ സമ്പൂർണ്ണ പാൽ ഗ്രാമമാക്കും;51കോടിയുടെ ബജറ്റിന് അംഗീകാരം
ഇരിട്ടി : തരിശു രഹിത ഗ്രാമം പദ്ധതിയിലൂടെ കാർഷിക മേഖലയിൽ  വിവിധ പദ്ധതികൾ നടപ്പിലാക്കി മുന്നേറുന്ന  പായത്തെ സമ്പൂർണ്ണ പാൽ ഗ്രാമമാക്കാനും പദ്ധതി. ക്ഷീര വികസന  മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതാണ്  നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ്. മുൻ വർഷത്തെ നീക്കിയിരിപ്പ് അടക്കം   51,13, 44,262 രൂപ വരവും , 50,62,47,400 രൂപ ചെലവും,  50,96,862 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്   അഡ്വ.എം. വിനോദ് കുമാറാണ്  അവതരിപ്പിച്ചത്.
  കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംങ് കോംപ്ലക്‌സ് കംമൾട്ടി പ്ലസ് തിയേറ്റർ ആറ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്നും, പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി ആന്റ് റീഡിംങ് റും ഇരിട്ടി താലൂക്കിലെ ലൈബ്രറികളുടെ അപ്പക്‌സ് ഇൻഫർമേഷൻ സെന്റെറാക്കി ഉയർത്തുമെന്നും വൈസ്. പ്രസിഡന്റ് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പെരുമ്പറമ്പ് ഇക്കോ പാർക്കിൽ  സംസ്ഥാന സർക്കാർ, ജില്ലാ പഞ്ചായത്ത്,  ഗ്രാമപഞ്ചായത്ത് വിഹിതം ഉൾപ്പെടുത്തി 90 ലക്ഷം രൂപയുടെ പദ്ധതി ഈ വർഷം നടപ്പിലാക്കും. വീടുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കാൻ അനർട്ടുമായി ചേർന്ന് പ്രത്യേക പദ്ധതി നടപ്പലാക്കും. പായത്ത് വയോജന വിശ്രമകേന്ദ്രം സ്ഥാപിക്കാൻ 10 ലക്ഷം രൂപയും കല്ലു മുട്ടി ഷോപ്പിംങ് കോംപ്ലക്‌സിന് സമീപം ഓപ്പൺ ഓഡിറ്റോറിയം, മിനി പാർക്ക് ഉൾപ്പടെ വിവിധ പദ്ധതികൾ സ്ഥാപിക്കുന്നതിന് 20 ലക്ഷവും ബജറ്റിൽ വകയിരുത്തി.
ലൈഫ് ഭവന പദ്ധതിക്കായി നടപ്പ് വർഷം എട്ട് കോടി രൂപ വിനിയോഗിക്കും. ക്ലീൻ സിറ്റി ഗ്രീൻ സിറ്റി പദ്ധതിക്കായി രണ്ട് ലക്ഷം രൂപയും പുതുവെളിച്ചം എന്ന പേരിൽ ജനകീയ തെരുവുവിളക്ക് സ്ഥാപിക്കൽ പദ്ധതിയും നടപ്പിലാക്കും. നെൽകൃഷി വികസനത്തിന് ഏഴ് ലക്ഷവും, ജൈവ പച്ചക്കറി കൃഷിക്ക്   ഏഴ് ലക്ഷം രൂപയും വിനിയോഗിക്കും. പായം ഗോൾഡൺ മട്ട എന്ന പേരിൽ കൂടുതൽ അരി വിപണിയിൽ എത്തിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ഹമീദ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി  ചെയർ പേഴസൺ ഷിജിനടുപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വകുപ്പ് മേധാവികൾ എന്നിവരും  പങ്കെടുത്തു.