ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം, 8 അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം, 8 അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ


ഹരിപ്പാട്: ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ എട്ടു അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയിലായി. കരീലകുളങ്ങര പൊലീസാണ് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ചിങ്ങോലി  12ആം വാർഡിൽ ആളൊഴിഞ്ഞ വീട്ടിൽ 2022 നവംബറിലാണ് മോഷണം നടന്നത്. പുറകുവശത്തൂടെ അടുക്കള വാതിൽ കുത്തിതുറന്ന് അകത്തുകയറി ബാത്ത് റൂം ഫിറ്റിങ്ങുകളും ഇൻവെർട്ടറും ബാറ്ററിയും ചെമ്പ് പാത്രങ്ങളും ഉൾപ്പെടെ 70,000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. 

മുട്ടം ഭാഗത്തു ആക്രി പെറുക്കി വന്നിരുന്ന ഉത്തർപ്രദേശ് സംസ്ഥാനത്തു മൊറാദാബാദ് ജില്ലയിൽ അസ്സലാപുര ഗുൽഷൻ നഗറിൽ ജസീം ഖാൻ (23), ഡൽഹി സൗത്ത് ശ്രീനിവാസപുരി ന്യൂ ഫ്രഷ് കോളനിയിൽ മുഹമ്മദ്‌ ഫരൂഖ് (53), ഉത്തര്‍പ്രദേശ് മൊറാദാബാദ് ജില്ലയിൽ തെക്കേ ധർവാലി മസ്ജിദ് സെയ്ദ് (26), ഉത്തർപ്രദേശ് ഗൗതമ ബുദ്ധ നഗറിൽ ബി 16 ബുദ്ധ നഗർ അർജുൻ (19), ഡൽഹി സൗത്ത് ശ്രീനിവാസപുരി ഇന്ദിര ക്യാമ്പ് 2 ൽ ന്യൂ ഫ്രഷ് കോളനിയിൽ ആബിദ് അലി (28) എന്നിവരെയും മുട്ടം ഭാഗത്തു മാർച്ച്‌ 2ന് രാത്രി 10.45ന് വീടുകളിൽ മോഷണം നടത്തുന്നതിനായി സ്ക്രൂ ഡ്രൈവർ, ചാക്ക് തുടങ്ങിയവയുമായി തയ്യാറെടുത്തു പതുങ്ങി നിന്ന ഉത്തർപ്രദേശ്  ഗാസിയബാദ് ജില്ലയിൽ മകൻ ആകാശ് (18), ഡൽഹി സംസ്ഥാനത്തു ചത്തർപ്പൂർ ദേശത്തു  ജുനൈദ് (27), ഉത്തർപ്രദേശ് സംസ്ഥാനത്തു ഗാസിയബാദ് ജില്ലയിൽ   സൂരജ് സൈനി (18) എന്നിവരെയുമാണ് പൊലീസ് പിടികൂടിയത്. 

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശനുസരണം കായംകുളം ഡി. വൈ. എസ്. പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര പൊലീസ് സബ് ഇൻസ്‌പെക്ടർ സുനുമോൻ, എസ്. ഐ മാരായ ഷമ്മി, സുരേഷ്, എ. എസ്. ഐ പ്രദീപ്‌, എസ്. സി. പി. ഒ മാരായ സുനിൽ, സജീവ്, വിനീഷ്, അനിൽ, ശ്യാംകുമാർ, സി. പി. ഒ മാരായ ഷമീർ, മണിക്കുട്ടൻ, അരുൺ, മനോജ്‌, വരുൺ എന്നിവർ ചേർന്നു നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഡിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയവരെ നാട്ടുകാർ തടഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പഴയ മോഷണക്കേസ് തെളിഞ്ഞതും ബാക്കി ഉള്ളവർ പിടിയിലായതും.