ഭൂചലനം; പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി 9 മരണം, മൂന്നൂറിലധികം പേർക്ക് പരിക്ക്

ഭൂചലനം; പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി 9 മരണം, മൂന്നൂറിലധികം പേർക്ക് പരിക്ക്


ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

 വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്.

ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പൊലീസ് സ്റ്റേഷൻ ഭൂകന്പത്തില്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാൻ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഫ്ഗാനിലെ ലെഖ്മാൻ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താൻ ശ്രമിക്കുന്നു. .ഭൂചലനം ഉണ്ടായ ഉടൻ പലരും വീട്ടില്‍ നിന്നും ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് ഇറങ്ങിയോടി. കഴിഞ്ഞ വര്‍ഷം കിഴക്കൻ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്.