കേരളത്തിലക്ക് മടങ്ങാൻ അനുവദിക്കണം: അബ്ദുൾ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

കേരളത്തിലക്ക് മടങ്ങാൻ അനുവദിക്കണം: അബ്ദുൾ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും 


ദില്ലി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച  പരിഗണിക്കും. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. 

കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.  ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്റെ  ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാൻ  അവസരം നൽകണം. വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുന്നു