പങ്കാളികൾ നാടുവിട്ടുപോയതിന് പൊലീസില്‍ പരാതി നല്‍കാൻ എത്തിയ യുവാവും യുവതിയും തമ്മിൽ വിവാഹിതരായി

പങ്കാളികൾ നാടുവിട്ടുപോയതിന് പൊലീസില്‍ പരാതി നല്‍കാൻ എത്തിയ യുവാവും യുവതിയും തമ്മിൽ വിവാഹിതരായി



പല തരത്തിലുളള രസകരമായ വാർത്തകളാണ് മിക്ക വിവാഹ വേളകളിലും കേൾക്കാറുളളത്. ഈയിടെ പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്ന് കാണിക്കുന്ന തരത്തിൽ ഒരു വിവാഹം നടന്നത് അത്തരത്തിൽ ഒരു വാർത്തയാണ്. എന്നാൽ ബിഹാറിലെ കഖാരിയയില്‍ എല്ലാവരേയും അമ്പരപ്പിക്കുന്ന ഒരു വിവാഹമാണ് നടന്നത്.

തൊട്ടടുത്ത വീട്ടിലായി താമസിക്കുന്നവർ തമ്മിൽ പ്രണയത്തിലാവുകയും തുടർന്ന് നാടുവിടുകയുമായിരുന്നു. എന്നാൽ ഇതുനു പിന്നാലെ ഒളിച്ചോടിപ്പോയവരുടെ പങ്കാളികള്‍ പരസ്പരം വിവാഹിതരാകുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. നീരജ് കുമാര്‍ സിങ്ങും റൂബി ദേവിയുമാണ് ഈ കഥയിലെ വരനും വധുവും.

നീരജ് കുമാറിന്റെ ആദ്യ വിവാഹം 2009-ലായിരുന്നു. ഇരുവർക്കും നാല് മക്കളുണ്ട്. ഇതിനിടെയായിരുന്നു സ്വന്തം വീടിന്റെ അടുത്തുളള മുകേഷ് കുമാര്‍ സിങ്ങുമായി നീരജ് കുമാറിന്റെ ഭാര്യ പ്രണയത്തിലാകുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും ഒളിച്ചോടുകയും ചെയ്തു. മൂന്നു മക്കളേയും കൂടെക്കൂട്ടിയാണ് യുവതി മുകേഷിനെ വിവാഹം ചെയ്യാനായി പോയത് . ഒരു മകളെ മാത്രം നീരജിനൊപ്പം നിര്‍ത്തി.


ഭാര്യയെ വിട്ടുകിട്ടാന്‍ നീരജ് പോലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ മുകേഷിന്റെ ഭാര്യയേയും പരിചയപ്പെട്ടു. അടുത്ത സുഹൃത്തുക്കളായി. ഫോണിലൂടെ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനമെടുത്തു. കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഈ വിവാഹം.