ആലുവയിലെ പൊതുമേഖലാ സ്ഥാപനം പൂട്ടും, തൊഴിലാളികളെ വിആർഎസ് നൽകി പറഞ്ഞുവിടുമെന്നും കേന്ദ്രം

ആലുവയിലെ പൊതുമേഖലാ സ്ഥാപനം പൂട്ടും, തൊഴിലാളികളെ വിആർഎസ് നൽകി പറഞ്ഞുവിടുമെന്നും കേന്ദ്രം


കൊച്ചി: ആലുവയിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡ് (എച്ച് ഐ എൽ) അടച്ചുപൂട്ടാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്ര രാസവളം വകുപ്പ് മന്ത്രി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ആലുവ എച്ച് ഐ എല്ലിൽ നിന്ന് തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇവിടുത്തെ തൊഴിലാളികളുടെ സ്വമേധയാ വിരമിക്കലിനുള്ള പണം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് എംപിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഫാക്ടറിയിൽ ഡിഡിടി ഉത്പാദനം പടിപടിയായി കുറച്ചിരുന്നു. ഉൽപാദന ചെലവ് വർദ്ധിച്ചത് അടക്കമുള്ള കാരണങ്ങളാണ് ഫാക്ടറി പൂട്ടാൻ കാരണമെന്നും വകുപ്പ് വിശദീകരിച്ചു. കേരളത്തിന് പുറമെ പഞ്ചാബിലെ ഫാക്ടറികളും പൂട്ടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്