ഇരിട്ടി പുഴ മലിനീകരണത്തിനെതിരേ നളന്ദ കലാസാഹിത്യവേദി സംസ്കാരിക കൂട്ടായ്മ നടത്തി
ഇരിട്ടി: കണ്ണൂർ ജില്ലയുടെ പ്രധാന കുടിവെള്ള സ്ത്രോതസ്സായ പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഇരിട്ടിപ്പുഴ മലിനീകരണത്തിനെതിരേ നളന്ദ കലാ സാഹിത്യവേദി ഇരിട്ടിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക കൂട്ടായ്മ നടത്തി. സിനിമാസംവിധായകനും സാംസ്‌കാരിക പ്രവർത്തകനുമായ തോമസ് ദേവസ്യ ഉദ്‌ഘാടനം ചെയ്തു. എവിടെ എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അവിടെത്തന്നെ ചെയ്യരുതാത്തത് ചെയ്യുന്നവരായി മലയാളി സമൂഹം മാറിക്കഴിഞ്ഞെന്ന് തോമസ് ദേവസ്യ പറഞ്ഞു. ഇത്തരം മലിനീകരണ ശ്രമങ്ങൾ തടയുക എന്നത് ഇവിടുത്തെ ഏതാനും ചിലരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിനാകെ ഇതിൽ ഇടപെടാൻ കഴിയണമെന്നും തോമസ് ദേവസ്യ പറഞ്ഞു.
നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി. ശിവരാമകൃഷ്ണൻ, കെ. സുരേശൻ, കെ. മോഹനൻ, രജനി ഗണേഷ്, അബു ഊവാപ്പള്ളി, മനോജ് അത്തിത്തട്ട്, ശ്രീനിവാസൻ എടക്കാനം തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരികക്കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രതിഷേധ ചിത്രരചനയിൽ ഹാഷീം ഇരിട്ടി, ശ്രീനിവാസൻ എടക്കാനം, അജയകുമാർ കരിയാൽ , ഹുസൈൻ ഇരിട്ടി, എൻ.എം. രത്നാകരൻ, നിഹാരിക മനോജ്, സന്ധു ഗോവിന്ദ്, അഭിനന്ദ് എന്നിവർ പങ്കെടുത്തു. പരിതസ്ഥിതി നാശത്തിനെതിരേ രജനി ഗണേഷ് അവതരിപ്പിച്ച ഏകാംഗ സ്കിറ്റും ശ്രദ്ധേയമായി.