ക്രിസ്തുമതവിശ്വാസികൾക്കും സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം സൂക്ഷിക്കാം; രാജ്യത്തെ ആദ്യ ചിതാഭസ്മ കല്ലറ കണ്ണൂരിൽ
കണ്ണൂർ: രാജ്യത്തെ ആദ്യത്തെ ചിതാഭസ്മ കല്ലറ കണ്ണൂരിൽ നിർമ്മിച്ചു. കത്തോലിക്കാ സഭയുടെ കീഴിലുള്ള കണ്ണൂർ മേലേചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് സംസ്‌കാരം നടത്തുന്നവരുടെ ചിതാഭസ്മം സൂക്ഷിക്കുന്നതിനായി ”ഓർമ്മച്ചെപ്പ്” എന്ന പേരിൽ ചിതാഭസ്മ സെമിത്തേരി നിർമ്മിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുള്ള സെമിത്തേരികൾ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ആഷ് സെമിത്തേരി എന്നറിയപ്പെടുന്ന ചിതാഭസ്മ സെമിത്തേരി നിർമ്മിക്കുന്നത്.
പരമ്പരാഗത ക്രിസ്തീയ രീതിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിൽ വലിയ മാറ്റം കൊണ്ടുവരുന്നതാണ് ഈ നീക്കം. കണ്ണൂർ കട്ടക്കയം സ്വദേശിയായ ലെെസാമ്മയെ അവരുടെ ആഗ്രഹപ്രകാരം കല്ലറയിൽ അടക്കം ചെയ്യുന്നതിന് പകരം പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. ശേഷം ഇവരുടെ മരണാനന്തര ചടങ്ങുകൾ പള്ളിയിലാണ് ചെയ്ത്. ഇതേ തുടർന്നാണ് ചിതാഭസ്മം സൂക്ഷിക്കാൻ വേണ്ടി മാത്രം ശ്മശാനം നിർമ്മിച്ചത്.
1.5 അടി വലിപ്പമുള്ള അറകൾ ഇവിടെയുണ്ട്. മൃതദേഹം സംസ്‌കരിച്ചതിന് ശേഷം വിശ്വാസികൾക്ക് ചിതാഭസ്മം ഇവിടെ സൂക്ഷിക്കാം. ഇവിടെ മെഴുകുതിരി കത്തിക്കാനും പ്രാർത്ഥിക്കാനുമുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പള്ളികൾ അഭിമുഖീകരിക്കുന്ന സെമിത്തേരികളിലെ സ്ഥല പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായകമാകുമെന്ന് പള്ളി വികാരി ഫാദർ തോമസ് കുളങ്കായി ഡിഎച്ച് പറഞ്ഞു. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിലെ മലിനീകരണവും മറ്റ് ആശങ്കകളും പരിഹരിക്കാനും ഇതിന് കഴിയും.
നിലവിൽ ഇവിടെ 39 അറകൾ നിർമ്മിച്ചിട്ടുണ്ട്. ലൈസാമ്മയുടെ ചിതാഭസ്മം കഴിഞ്ഞയാഴ്ച ചേംബറിൽ വച്ചു. കേരളത്തിലെ പല പള്ളികളും സെമിത്തേരികൾക്ക് അനുയോജ്യമായ സ്ഥലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. അതിനാൽ ആഷ് സെമിത്തേരി ഒരു അനുയോജ്യമായ ബദലായിരിക്കുമെന്നാണ് പ്രതീക്ഷ.