
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീരത്ന പുരസ്കാര നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ സർജറി മേധാവി ഡോ.ആർ.എസ് സിന്ധുവിന്‍റെ നേട്ടത്തിന് ഒരല്‍പ്പം മധുരം കൂടും. പ്രതിസന്ധികളെ തരണം ചെയ്ത് തന്‍റെ കര്‍മ്മ മേഖലയിലെ കരുതലിന്‍റെ പ്രതീകമായി മാറിയ ഡോ.സിന്ധു പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായാണ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിന്നു സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എംസിഎച്ച് നേടുന്ന ആദ്യ വനിതയായ ഇവർ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം അസോഷ്യേറ്റ് പ്രൊഫസറാണ്.
കോട്ടയം മെഡിക്കൽ കോളജിൽ വിജയകരമായി പൂര്‍ത്തിയാക്കിയ 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലും ഡോ.സിന്ധുവിന്‍റെ സാന്നിധ്യമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയയിലെ ടീം ലീഡറായി രണ്ടു വർഷമായി പ്രവർത്തിക്കുന്ന ഇവര്‍ കെ.കെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് കോട്ടയത്തേക്ക് എത്തുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആയിരത്തിലധികം ശസ്ത്രക്രിയകളാണ് ഡോ.സിന്ധു പൂര്‍ത്തിയാക്കിയത്.