ഇരിട്ടി ചീരമറ്റം ജ്വല്ലറിയിലെ മോഷണം - പ്രതി കൂത്തുപറമ്പിൽ ജ്വല്ലറി മോഷണത്തിനിടെ പിടിയിലായ കർണ്ണാടക സ്വദേശി

ഇരിട്ടി ചീരമറ്റം ജ്വല്ലറിയിലെ മോഷണം - പ്രതി കൂത്തുപറമ്പിൽ ജ്വല്ലറി  മോഷണത്തിനിടെ പിടിയിലായ കർണ്ണാടക സ്വദേശി


 
ഇരിട്ടി: ടൗണിലെ ചീരമറ്റം  ജ്വല്ലറിയിൽ  മോഷണം നടത്തിയ  പ്രതിയെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പിൽ ജ്വല്ലറി മോഷണത്തിനിടെ  പിടിയിലായ  കര്‍ണാടക ചിക്കബല്ലാപ്പൂർ സ്വദേശി ഹരീഷ് (22 ) തന്നെയാണെന്നാണ് ഇരിട്ടി പോലീസ് തിരിച്ചറിഞ്ഞത്.   
 ശനിയാഴ്ച രാത്രിയാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ജ്വല്ലറിയില്‍ മോഷണം നടന്നത്. എന്നാല്‍ ഞായറാഴ്ച കട അവധി ആയതിനാല്‍ തിങ്കളാഴ്ച രാവിലെ ജ്വല്ലറി ഉടമ കട തുറക്കാന്‍ എത്തിയപ്പോളാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറി മുന്‍വശത്തെ മേശയില്‍ നിന്നും പണം കവര്‍ന്നിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ വെച്ച  മുറിയിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. 
 പോലീസ്  പരിശോധനയിൽ  നിരീക്ഷണ ക്യാമറയില്‍ നിന്നും  പ്രതിയുടെ ദൃശ്യം ലഭച്ചിരുന്നു.  ഇരിട്ടി സി ഐ കെ ജെ ബിനോയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തില്‍ കൂത്തുപറമ്പ് ടൗണിലെ ജ്വല്ലറി മോഷണശ്രമത്തിനിടയില്‍ പോലീസ് പിടിയിലായ പ്രതിയുമായി സാദൃശ്യമുള്ളതിനെ തുടര്‍ന്ന് ഈ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇരിട്ടിയിലെ മോഷണവും താനാണ് ചെയ്തതെന്ന് പോലീസിനോട് ഇയാൾ സമ്മതിച്ചത്. റിമാന്‍ഡിലായ പ്രതിയെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.