
താനെ: വാതിലിന് സമീപം ചെരുപ്പ് ഇടുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ അയല്‍വാസിയെ കൊലപ്പെടുത്തി ദമ്പതികള്‍. മഹാരാഷ്ട്രയിലെ താനെയിലെ നയാ നഗറിലാണ് സംഭവം. അഫ്സര്‍ ഖാത്രി എന്ന 54കാരനാണ് വാക്കേറ്റത്തിന് പിന്നാലെയുണ്ടായ കയ്യേറ്റത്തില്‍ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടത്. ഒരേ കെട്ടിടത്തില്‍ അഭിമുഖം വരുന്ന വീടുകളിലെ ചെരുപ്പുകള്‍ വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ നയാ നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജിലാനി സയ്യിദ് യുവതിയെ അറസ്റ്റ് ചെയ്തു.
ഇവരുടെ ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കെതിരേയും കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കര്‍ണാടകയില്‍ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയ കാമുകിയെ യുവാവ് ജനമധ്യത്തില്‍ കുത്തിക്കൊലപ്പെടുത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ബെംഗളൂരുവില്‍ 28 കാരനായ യുവാവ് 25കാരിയായ യുവതിയെ കുത്തിക്കൊന്നത്. ലീല പവിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇരുവരും ആന്ധ്രപ്രദേശ് സ്വദേശികളാണ്.
അക്രമിയായ ദിനകർ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബെംഗളൂരുവിൽ ഹെൽത്ത് കെയർ കമ്പനികളിൽ ജോലി ചെയ്തു വരികയായിരുന്നു ലീല പവിത്രയും ദിനകറും. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയായതിനാൽ ലീല പവിത്രയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ വിവാഹത്തിൽ നിന്നും പിൻമാറിയതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് വിശദമാക്കുന്നത്.