വരൾച്ചാ പേടിയിൽ മലയോരം
കേളകം: വേനൽ കടുത്തതോടെ വരൾച്ചാ ഭീഷണിയിൽ മലയോരം. ആയിരക്കണക്കിനാളുകൾ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ബാവലിപ്പുഴ, ചീങ്കണ്ണി പുഴ എന്നിവിടങ്ങളിലെ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പും താഴ്ന്നിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ തോടുകളും വറ്റിത്തുടങ്ങി. കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യമല, ഒറ്റപ്ലാവ്, പാലുകാച്ചി, പന്നിയാംമല, കേളകം പഞ്ചായത്തിലെ അടക്കാത്തോട്, ചെട്ടിയാംപറമ്പ്, കുണ്ടേരി, കണിച്ചാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. വരൾച്ച കാർഷിക മേഖലയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. റബർ പാലുത്പാദനത്തിൽ കുറവ് വന്നു തുടങ്ങിയിയെന്നാണ് കർഷകർ പറയുന്നത്. ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയത്തില്‍ മേല്‍ മണ്ണ് ഒലിച്ചു പോയതാണ് വരള്‍ച്ചയുടെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതുപോലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് തടയണ നിർമാണം ആരംഭിച്ചിട്ടുണ്ട്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ പഞ്ചായത്ത് കുടിവെള്ളമെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കണിച്ചാർ കാളിക്കയത്ത് നടക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ മേഖലയിലെ ജലക്ഷാമത്തിനു പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.