ബഫർ സോണിൽ കേരളത്തിന് പ്രതീക്ഷ, ഉത്തരവിൽ ഭേദഗതിക്ക് സാധ്യത ?

ബഫർ സോണിൽ കേരളത്തിന് പ്രതീക്ഷ, ഉത്തരവിൽ ഭേദഗതിക്ക് സാധ്യത ?


ദില്ലി : ബഫർസോൺ ഹർജികളിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിലടക്കം ആശങ്കകൾ തീരില്ലെ എന്ന് കോടതി ചോദിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങളായവയ്ക്ക് ഇളവോടെ ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിൻ്റെ ആശങ്ക തീരില്ലെന്നാണ് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചത്. ജനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾക്ക് യതൊരു തടസവും വരുത്താൻ കോടതി ഉദ്ദേശിക്കുന്നില്ല. എന്നാൽ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരുമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ  ബെഞ്ച് വാക്കാൽ പരാമർശം നടത്തി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേരളത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിന് ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൌൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ ധരിപ്പിച്ചു. വനവാസികളുടെയും ആദിവാസികളുടെയും ജീവിതത്തിൽ വിപരീതഫലമാണ് വിധി വരുത്തുന്നതെന്നും വികസനപ്രവർത്തനങ്ങളെ അടക്കം വിധി പ്രതിസന്ധിയിലാക്കിയെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്തിനും മുനസിപ്പാലിറ്റിക്കുമായി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ്  പറഞ്ഞു.

വിധി കേരള ഹൈക്കോടതിയെ പോലും പ്രതിസന്ധിയിലാകുമെന്ന് പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു വാദിച്ചു. ബഫര്‍ സോണില്‍ കാര്‍ഷിക വൃത്തിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യുമര്‍ എഡ്യൂക്കേഷന്‍, സേവ് വെസ്റ്റേണ്‍ ഗട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസും കോടതിയെ അറിയിച്ചു. 

കർഷകർക്ക് തിരിച്ചടിയാണ് വിധിയെന്ന് കർഷകസംഘടനയായ കിഫയുടെ അഭിഭാഷകർ വ്യക്തമാക്കി, ബഫര്‍ സോണ്‍ വേണ്ടെന്ന് കിഫയുടെ ഭാരവാഹിയായ ഷെല്ലി ജോസിന് വേണ്ടി  അഭിഭാഷകന്‍ എം കെ എസ് മേനോന്‍, ഉഷ നന്ദിനി എന്നിവര്‍ കോടതിയില്‍ വാദിച്ചു, ബാങ്ക് വായ്പ്ക്ക് സ്വന്തം സ്ഥലം ഈട് വെക്കാൻ കഴിയാത്ത് അവസ്ഥയെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി എന്നാൽ ബഫർസോണിൽ നിയമപരമായി നടത്തേണ്ട കാര്യങ്ങൾക്ക് തടസമില്ലെന്ന് കോടതി നീരീക്ഷിച്ചു.  കർഷകസംഘടനകളുടെ അടക്കം വാദം കേട്ട കോടതി ഉത്തരവ് പറയാൻ മാറ്റി.