സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍, രണ്ട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷന്‍ ബ്ലോക്ക്; മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍, രണ്ട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷന്‍ ബ്ലോക്ക്; മന്ത്രിസഭായോഗ തീരുമാനം


തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും  200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം സയന്‍സ് പാര്‍ക്കുകളുടെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്‌സിറ്റികള്‍ യഥാക്രമം കണ്ണൂര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, കേരള യൂണിവേഴ്‌സിറ്റികള്‍  ആയിരിക്കും. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ (KSCSTE) പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (SPV) തീരുമാനിച്ചു.