മുസ്ലീം ദമ്പതികൾ ഷിംലയിൽ ക്ഷേത്രത്തിൽ വിവാഹിതരായി; നല്ല മാതൃകയ്‌ക്ക് കയ്യടി

മതസൗഹാർദത്തിന്റെ നിരവധി മാതൃകകൾ നാം കണ്ടിട്ടുണ്ട്. ഹിമാചൽപ്രദേശിലെ ഷിംല ജില്ലയിലുള്ള രാംപൂരിൽ നിന്നാണ് ഇപ്പോൾ അത്തരമൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഹിന്ദു ക്ഷേത്രപരിസരത്ത് മുസ്ലീം ദമ്പതികൾ ആചാരപ്രകാരം വിവാഹിതരായതാണ് വാർത്ത. ഈ നല്ല മാതൃകക്ക് കയ്യടിക്കുകയാണ് രാജ്യമെമ്പാടുള്ള ജനാധിപത്യ മതേതര വിശ്വാസികൾ. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂർ സത്യനാരായണ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
മുസ്ലീം സമുദായത്തിൽ പെട്ടവരും ഹിന്ദു സമുദായത്തിൽപ്പെട്ടവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ക്ഷേത്ര പരിസരത്ത് മൗലവിയുടെയും സാക്ഷികളുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലാണ് നിക്കാഹ് നടത്തിയത്.