വളപട്ടണം പൊലീസ് സ്റ്റേഷനിൽ വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ഷമീം പിടിയിൽ

വളപട്ടണം പൊലീസ് സ്റ്റേഷനിൽ വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ഷമീം പിടിയിൽ

കണ്ണൂര്‍ : വളപട്ടണം പോലീസ് സ്‌റ്റേഷനിലെ വാഹനങ്ങള്‍ കത്തിനശിച്ച സംഭവം തീയിട്ടതാണെന്ന് പോലിസ്. സംഭവത്തില്‍ കാപ്പ കേസ് പ്രതിയായ പുതിയതെരു ആശാരിക്കമ്പനിക്കു സമീപത്തെ ചാണ്ടി ഷമീം എന്ന ഷമീമിനെ പോലിസ് അതിസാഹസികമായി പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്‌റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ക്ക് തീപ്പിടിച്ചത്. മൂന്നുവാഹനങ്ങള്‍ പൂര്‍ണമായും രണ്ടു വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചിരുന്നു. സംഭവം അപകടമല്ലെന്നും വാഹനങ്ങള്‍ക്ക് തീയിട്ടതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസിന് വ്യക്തമായി. വാഹനങ്ങള്‍ക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണെന്നായിരുന്നു പോലീസ് നിഗമനം. ഇതിനുപിന്നാലെയാണ് പോലീസ് സ്‌റ്റേഷനില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പുഴാതിയിലെ കെട്ടിടത്തില്‍ ഒളിവില്‍കഴിഞ്ഞ ഷമീമിനെ പോലീസ് സംഘം പിടികൂടിയത്. വാഹനങ്ങള്‍ക്ക് തീയിട്ടശേഷം പഴയ ഇരുനിലകെട്ടിടത്തില്‍ ഒളിവില്‍കഴിയുകയായിരുന്നു പ്രതി. പോലീസുമായി ഏറെനേരത്തെ മല്‍പ്പിടിത്തമുണ്ടായ ശേഷമാണി പ്രതിയെ പിടികൂടിയത്. ഇതിനിടെ പോലിസുകാര്‍ തന്റെ താടിരോമം പറിച്ചെടുത്തെന്നും അടിച്ചെന്നും ഷമീം ഉറക്കെവിളിച്ചുപറയുന്നുണ്ടായിരുന്നു. ക്വട്ടേഷന്‍, അക്രമം, പോലിസുകാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസ് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഷമീമിനെ കാപ്പ ചുമത്തി അറസ്്റ്റ് ചെയ്തിരുന്നു. ഈയിടെ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഷമീം കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും പോലീസുകാരനെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് ഇറങ്ങിയോടിയെങ്കിലും വാഹനം പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനം ഉള്‍പ്പെടെയാണ് ഇന്ന് പുലര്‍ച്ചെ കത്തിനശിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ മുഖം മറച്ചെത്തിയ ഇയാള്‍ സ്‌റ്റേഷനിലെ ചുറ്റുമതിലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മല്‍പ്പിടിത്തത്തിനിടെ പോലിസുകാരനും പരിക്കേറ്റിരുന്നു