കൃത്രിമമായി തിരക്കുണ്ടാക്കി മാളുകളിലുൾപ്പെടെ കവര്‍ച്ച നടത്തുന്ന കുടുംബം പിടിയില്‍

കൃത്രിമമായി തിരക്കുണ്ടാക്കി മാളുകളിലുൾപ്പെടെ കവര്‍ച്ച നടത്തുന്ന കുടുംബം പിടിയില്‍


കോഴിക്കോട്: ആരാധനാലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45വയസ്സ്),മകൾ സന്ധ്യ(25) എന്നിവരാണ് അറസ്റ്റിലായത്.

കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഇവർ മോഷണം നടത്തിവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിൽ നടത്തിയ പൊലീസ് പരശോധനയിലാണ് ഇവർ പിടിയിലായത്.


കവര്‍ച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്നു സ്ത്രീകള്‍ ചേർന്നാണ് കവർച്ച ചെയ്യുന്നതെന്ന് പൊലീസ് മനസ്സിലാക്കി. ഫെബ്രുവരി 28 ബസിൽ വെച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കുന്നതിനിടയിൽ ദേവിയും സന്ധ്യയും പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പനും വസന്തയും പിടിയിലാകുന്നത്.

പ്രതികളില്‍ നിന്നും സ്വര്‍ണ്ണം തൂക്കുന്നതിനുള്ള മെഷീന്‍, മൊബൈല്‍ഫോണ്‍, സ്വര്‍ണ്ണം, പണം, പഴ്‌സുകള്‍,കട്ടിങ്ടൂള്‍ എന്നിവയും പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്.തിരക്കേറിയ ബസ്സില്‍ കയറി സ്ത്രീകളെ പ്രത്യേക രീതിയില്‍ ലോക്ക് ചെയ്ത് ശേഷം കട്ടര്‍ ഉപയോഗിച്ച് മാല പൊടിക്കലാണ് ഇവരുടെ രീതി.


ആളുകള്‍ക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തില്‍ വേഷം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാന്‍ കയ്യിലുള്ള ബാഗില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കരുതുകയും വഴിയില്‍ വെച്ച് തന്നെ വേഷം മാറുകയും മോഡേണ്‍ ഡ്രസുകള്‍ ധരിച്ചും മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കളും കയ്യിൽ കരുതിയുമാണ് ഇവർ സഞ്ചരിച്ചിരുന്നത്. ചോദ്യം ചെയ്തതില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നിരവധി കവര്‍ച്ചകളെ പറ്റി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.