പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 
ഇരിട്ടി: പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി  വരും തലമുറയെ  ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ നല്ല വായുവും നല്ല വെള്ളവും നാളെക്കായ് കരുതി വെക്കുന്നതിനുള്ള നിർദ്ദേശങ്ങളും പദ്ധതികളും അടങ്ങിയ  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റിന് അംഗീകാരം. 53, 25, 17,600 കോടി രൂപ വരവും 52,64,60,666 കോടി രൂപ ചെലവും 60,56,934 ലക്ഷം നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖാണ് അവതരിപ്പിച്ചത്. 
   പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് കുളങ്ങളുടെയും തോടുകളുടെയും പുനരുദ്ധാരണം, പുതിയ ജലസ്രോതസ്സുകൾ നിർമ്മിക്കൽ, പച്ചത്തുരുത്ത്, നഴ്‌സിറകൾ, തരിശ് ഭൂമി കൃഷിയോഗ്യമാക്കൽ, ഗ്രാമപഞ്ചായത്തുകളിൽ പച്ചക്കറി വ്യാപനം, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം തുടങ്ങിയ വിവിധ പ്രവൃത്തികൾക്ക് 39 കോടി 61 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. നിരുറവ പദ്ധതിയുടെ ഭാഗമായി വിവിധ നിർത്തടാധിഷ്ഠിത വനവൽക്കരണ പദ്ധതികൾക്കും ബജറ്റിൽ മുന്തിയപരിഗണന നൽകി. വെള്ളപൊക്ക ദുരിതാശ്വസ ഫണ്ടിനത്തിൽ റോഡുകൾക്കായി 1.80 കോടി രൂപ നീക്കി വെച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം പ്രവർത്തിക്കുന്ന തില്ലങ്കേരി ആർ.ആർ.എഫ് ൽ അടിസ്ഥാന സൗകര്യത്തിന് ജില്ലാശുചിത്വമിഷൻ ഫണ്ടുൾപ്പടെ 30 ലക്ഷം രൂപ വകയിരുത്തി. തൊഴിയും വരുമാനവും വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ തുടങ്ങുന്നതിന് 33.75 ലക്ഷം രൂപയും നെൽകൃഷി വികസനത്തിനായി 15 ലക്ഷം രൂപയും, ക്ഷിരവികസന പദ്ധതികൾക്ക് 36 ലക്ഷം രൂപയും ബജറ്റിൽ നീക്കി വെച്ചു. കീഴ്പള്ളി സി എച്ച് സി യുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡയാലിസിസ് കേന്ദ്രത്തിന് അനുബന്ധ സൗകര്യം ഒരുക്കുന്നതിനും 63 ലക്ഷം രൂപയും പാശ്ചാതല മേഖലയിൽ 78.89 ലക്ഷം രൂപയും ഖര മാലിന്യ സംസ്‌കരണത്തിന് 73.14 ലക്ഷം രൂപയും നീക്കി വെച്ചു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 42 ലക്ഷം രൂപയും വയോജനക്ഷേമ കർമ്മ പദ്ധതികൾക്ക് 8 ലക്ഷം രൂപയും നീക്കി വെച്ചു. വായനശാലകളുടെ നവീകരണത്തിന് 3 ലക്ഷം രൂപയും നീക്കിവെച്ചു. യോഗത്തിൽ പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷനായി, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി. ഷിജു, ഷിജിനടുപ്പറമ്പിൽ, എം. രതീഷ്, സെക്രട്ടറി അബ്രഹാം തോമസ്, ബ്ലോക്ക് ആസുത്രണ സമിതി ഉപാധ്യക്ഷൻ അരവിന്ദൻ അക്കാണിശ്ശേരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി.രജനി, പി.ശ്രീമതി, അംഗങ്ങളായ കെ.എൻ. പത്മാവതി, വി.ശോഭ, മേരി റെജി കോട്ടയിൽ എന്നിവർ സംസാരിച്ചു.