വന്ദേഭാരതിൽ പോസ്റ്റർ; 5 പേർ അറസ്റ്റിൽ;1000 രൂപ പിഴ, കോടതി പിരിയുംവരെ നിർത്തി

വന്ദേഭാരതിൽ പോസ്റ്റർ; 5 പേർ അറസ്റ്റിൽ;1000 രൂപ പിഴ, കോടതി പിരിയുംവരെ നിർത്തി
പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്റർ പതിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. താവളം ആനക്കൽ സെന്തിൽ കുമാർ(31), കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ(44), നടുവട്ടം അഴകൻ കണ്ടത്തിൽ എ.കെ.മുഹമ്മദ് സഫൽ(19), കിഴായൂർ പുല്ലാടൻ പി.മുഹമ്മദ് ഷാഹിദ്(19), കുട്ടാല മുട്ടിച്ചിറ എം.കിഷോർകുമാർ(34) എന്നിവരാണ് അറസ്റ്റിലായത്.

റെയിൽവേ സംരക്ഷണ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റെയിൽവേ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 1000 രൂപ പിഴയും പ്രതികളിൽ നിന്ന് ഈടാക്കി. കോടതി പിരിയുന്നത് വരെ അഞ്ച് പേരെയും കോടതിയിൽ നിർത്തുകയും ചെയ്തു.


കേരളത്തിൽ വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമായിരുന്നു വിവാദ സംഭവം. ട്രെയിൻ ഷോർണൂരിൽ നിർത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠൻ എംപിയ്ക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്റർ പതിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ യുവ മോർച്ചാ നേതാവിന്റെ പരാതിയിലാണ് ആർപിഎഫ് കേസെടുത്തത്. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിച്ചത്, പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്