'ഇതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറി'; 'എടപ്പാള്‍ ഓട്ടം' പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

'ഇതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറി'; 'എടപ്പാള്‍ ഓട്ടം' പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ട്രോളാന്‍ ഉപയോഗിക്കാറുള്ള എടപ്പാള്‍ ഓട്ടം പങ്കുവെച്ചാണ് മന്ത്രി ദി കേരള സ്റ്റോറി സിനിമയെ പരിഹസിച്ചത്. ‘ദി ഒറിജിനല്‍ കേരള സ്റ്റോറി’ എന്ന ടൈറ്റിലും എടപ്പാള്‍ ഓട്ടത്തിന്‍റെ ചിത്രവും അടങ്ങുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് മന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2019 ല്‍  ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാൾ ഓട്ടം പ്രസിദ്ധമായത്. എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്താനെത്തിയവരെ നാട്ടുകാര്‍ തുരത്തുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അക്കാലത്ത് വൈറലായിരുന്നു.

അതേസമയം, സിനിമക്കെതിരെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തുണ്ട്.  ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണിത്. ഈ സിനിമ നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.



സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്- സതീശൻ കുറിച്ചു.