സുതാര്യതയില്ലെന്ന് മന്ത്രിമാര്‍, രണ്ട് തവണ മാറ്റിവെച്ചു; എഐ ക്യാമറ പദ്ധതി മന്ത്രിസഭ അം​ഗീകരിച്ചത് മൂന്നാം തവണ



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
സുതാര്യതയില്ലെന്ന് മന്ത്രിമാര്‍, രണ്ട് തവണ മാറ്റിവെച്ചു; എഐ ക്യാമറ പദ്ധതി മന്ത്രിസഭ അം​ഗീകരിച്ചത് മൂന്നാം തവണ


തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.  ഇടപാടിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാട്ടി രണ്ട് തവണ മാറ്റി വച്ച എഐ ക്യാമറ പദ്ധതിക്ക് മന്ത്രിസഭാ യോഗം  മൂന്നാം തവണയാോണ് അന്തിമ അനുമതി നൽകിയത്. കെൽട്രോൺ കരാറിലെ ചട്ടലംഘനമടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന വേണമെന്നായിരുന്നു മന്ത്രിമാരുടെ നിലപാട്. സിപിഐ മന്ത്രിമാരും ധനമന്ത്രിയും സൂക്ഷ്മ പരിശോധന ആവശ്യപ്പെട്ടപ്പോൾ ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതിയിൽ പങ്കില്ലെന്ന് നിലപാടെടുത്തു.  

കെൽട്രോൺ മുൻകയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയിൽ തുടക്കം മുതൽ കല്ലുകടിയുണ്ടായിരുന്നു. സര്‍ക്കാര്‍ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ധനവകുപ്പിറക്കിയിട്ടും കെൽട്രോൺ വളയം വിട്ട് ചാടി. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നിലനിൽക്കെയാണ് അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാത്ത കെൽട്രോൺ പദ്ധതി നടപ്പാക്കിയത്. എസ്ആര്‍ഐടിക്ക് കരാര്‍ നൽകിയത് ഗതാഗത വകുപ്പുപോലും അറിഞ്ഞതുമില്ല. കരാറും ഉപകരാറുമായി കുഴഞ്ഞു മറിഞ്ഞ് ക്യാമറകൾ സ്ഥാപിച്ചു. 

എ ഐ ക്യാമറ: 'ഞങ്ങൾ വിജിലൻസിന് പരാതി നൽകിയിട്ടില്ല, ലെറ്റർ ഹെഡ് വ്യാജം'; വിശദീകരണവുമായി കൊല്ലം ആസ്ഥാനമായ സംഘടന

പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയൽ രണ്ട് തവണയാണ് മന്ത്രിസഭ മടക്കിയത്. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് സിപിഐ മന്ത്രിമാര്‍ എതി‍ര്‍ത്തത്.  ചട്ടം മറികടന്നതിൽ ധനവകുപ്പിനും അതൃപ്തുയുണ്ടായിരുന്നു. ഫയലുണ്ട് പക്ഷെ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്ന് ഗതാഗത മന്ത്രിയും നിലപാടെടുത്തതായാണ് വിവരം. കരാര്‍ മാതൃകയും , തിരിച്ചടവ് രീതിയും , പിഴ കുറഞ്ഞാൽ തിരിച്ചടവിന് പണമെവിടെ നിന്ന് ലഭിക്കും  തുടങ്ങി ചീഫ് സെക്രട്ടറിയുടെ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല. ഏറ്റവും ഒടുവിലാണ് ഗതാഗത സെക്രട്ടറിയുടെ കുറിപ്പിൽ സര്‍ക്കാര്‍ പിടിവള്ളി കണ്ടെത്തിയത്. 'കോടികൾ മുടക്കി കേരളത്തിലുടനീളം ക്യാമറ സ്ഥാപിച്ച് കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇനി പിന്നോട്ട് പോകാനാകില്ല. വീഴ്ചകളും കുറവുകളും ഉൾക്കൊണ്ട് പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നൽകണമെന്നായിരുന്നു കുറിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തുടര്‍ നടപടികൾ.