
കണ്ണൂർ :ആകാശ ക്യാമറയിലൂടെ വിവരം ശേഖരിക്കാൻ പോലീസിന് സ്വന്തം ഡ്രോൺ എത്തി. സംസ്ഥാനത്തെ 20 പോലീസ് ജില്ലകൾക്ക് മുകളിൽ ഇവ പറക്കും. നിലവിൽ ചില ജില്ലകളിൽ മാത്രമാണ് പോലീസിന് സ്വന്തമായി ഡ്രോൺ ഉള്ളത്. മറ്റു ജില്ലകളിൽ ഡ്രോൺ വാടകയ്ക്ക് എടുക്കുക ആയിരുന്നു.
കേരള പോലീസ് ഡ്രോൺ ഫൊറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്ററാണ് പോലീസിന്റെ സ്വന്തം വികസിപ്പിച്ചത്. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ആണ് നൽകിയത്. നല്ല തെളിമയുള്ള ചിത്രങ്ങളും വീഡിയോയും ലഭിക്കും. പോലീസിന് എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ 120 മീറ്ററിലധികം ഉയരത്തിൽ ആകാശ നിരീക്ഷണം നടത്താം. വിവരങ്ങൾ ശേഖരിക്കാം.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കീഴിൽ ചെന്നൈയിൽ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് ഇത് കൈകാര്യം ചെയ്യുന്നത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ തലശ്ശേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സി കെ മിഥുൻ ഡ്രോൺ കൈകാര്യം ചെയ്യും. കണ്ണൂർ റൂറൽ പരിധിയിൽ കെ കെ കൃഷ്ണനാണ് പരിശീലനം ലഭിച്ചത്. അതത് പോലീസ് മേധാവികൾക്കാണ് ജില്ലകളിൽ നിയന്ത്രണം. സൈബർഡോം ചുമതലയുള്ള ഇന്റലിജൻസ് ഐജി പി പ്രകാശാണ് സംസ്ഥാന മേൽനോട്ടം.