ടിപ്പു സുൽത്താന്റെ വാൾ വിറ്റുപോയത് ഏഴു മടങ്ങ് ഉയർന്ന തുകയ്ക്ക്; ലേലത്തിൽ ലഭിച്ചത് 140 കോടി രൂപ
ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോൻഹാംസ് വ്യക്തമാക്കി. (Tipu sultans sword sold for rs 140 crore)
ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാൾ. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നുവെന്ന് ലേലം നടത്തിയ ഒലിവർ വൈറ്റ് വിശദീകരിച്ചു.
ടിപ്പു സുൽത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് നിന്നാണ് ഈ വാൾ കണ്ടെടുത്തത്. ടിപ്പു സുൽത്താന്റെ ആയുധങ്ങളിൽ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന്, സംഘാടകർ വിശദീകരിച്ചു. 18–ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പടയോട്ടങ്ങളാണ് ടിപ്പുവിനെ പ്രശസ്തനാക്കിയത്. 1775നും 1779നും ഇടയിൽ മറാഠാ ഭരണാധികാരികളുമായി ടിപ്പു യുദ്ധം ചെയ്തിരുന്നു.