പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; ബഹിഷ്‌കരിച്ച 19 പാര്‍ട്ടികള്‍; പങ്കെടുക്കുന്ന 25 പാര്‍ട്ടികള്‍



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Develope
പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; ബഹിഷ്‌കരിച്ച 19 പാര്‍ട്ടികള്‍; പങ്കെടുക്കുന്ന 25 പാര്‍ട്ടികള്‍


ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് 19 പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക.

അതേസമയം, പ്രതിപക്ഷം ബഹിഷ്‌കരണവുമായി എത്തിയതോടെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് 25 പാര്‍ട്ടികളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷികള്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി പ്രതിനിധികളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തുക.

ആരൊക്കെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും?

ബിജെപി, ശിവസേന, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, സിക്കിം ക്രാന്തികാരി മോര്‍ച്ച, ജന്‍നായക് പാര്‍ട്ടി, എഐഎഡിഎംകെ, ഐഎംകെഎംകെ, എജെഎസ് യു, ആര്‍പിഐ, മിസോ നാഷണല്‍ ഫ്രണ്ട്, തമിഴ് മാനില കോണ്‍ഗ്രസ്, ഐടിഎഫ്ടി, ബോഡോ പീപ്പിള്‍സ് പാര്‍ട്ടി, പട്ടാലി മക്കള്‍ കച്ചി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, അപ്‌നാ ദള്‍, ആസാം ഗണ പരിഷത്ത് എന്നീ പാര്‍ട്ടി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Also read: ചെങ്കോൽ കൈമാറി അധികാരത്തിന്റെ കിരീടം തിരിച്ചുപിടിച്ച ഇന്ത്യ; സ്വാതന്ത്ര്യ ചരിത്രത്തിൽ തിരുവാടുതുറൈ ആഥീനത്തിനുള്ള സ്ഥാനം

അതേസമയം, പ്രധാനമന്ത്രിയ്ക്ക് പകരം രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിനിടെ, എന്‍ഡിഎ സഖ്യത്തിലല്ലാത്ത ചില പാര്‍ട്ടികളും ചടങ്ങിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎസ്ആര്‍സിപി, ബിജുജനതാദള്‍, തെലുഗുദേശം പാര്‍ട്ടി, ബിഎസ്പി, ലോക്ജനശക്തി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ജനതാദള്‍(എസ് ) എന്നീ പാര്‍ട്ടി പ്രതിനിധികളും ചടങ്ങിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത് ആരൊക്കെ?

കോണ്‍ഗ്രസ് ഉള്‍പ്പടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത്. കോണ്‍ഗ്രസ്, ഇടതുപക്ഷം, ടിഎംസി, എസ്പി, എഎപി, എന്നിവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ നശിച്ച ഇക്കാലത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മൂല്യം തന്നെ ഇല്ലാതായിക്കഴിഞ്ഞുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ യുണൈറ്റഡ്, എഎപി, സിപിഐഎം, സിപിഐ സമാജ് വാദി പാര്‍ട്ടി, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന(യുബിടി), രാഷ്ട്രീയ ജനതാദള്‍, ഐയുഎംഎല്‍, ജെഎംഎം, എന്‍സി, കെസി(എം), ആര്‍എസ്പി, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സേച്ഛ്യാധിപത്യ സ്വഭാവം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്‍മാറില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.

”ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നത് . പ്രതിപക്ഷ അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അദ്ദേഹം അവരെ അയോഗ്യരാക്കും. അല്ലെങ്കില്‍ അവരെ സസ്പപെന്‍ഡ് ചെയ്യും. അതുമല്ലെങ്കില്‍ അവരുടെ ശബ്ദം പുറത്ത് കേള്‍ക്കാന്‍ കഴിയാത്ത രീതിയിലാക്കും. വിവാദമായ പല നിയമനിര്‍മ്മാണവും പ്രതിപക്ഷവുമായി യാതൊരു ചര്‍ച്ചകളും സംവാദങ്ങളും ഇല്ലാതെയാണ് പാസാക്കിയത്. പാര്‍ലമെന്ററി കമ്മിറ്റികളുടെ പ്രവര്‍ത്തനവും അവതാളത്തിലാണ്,” പ്രതിപക്ഷം ആരോപിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രത്യേകതകള്‍

ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. 971 കോടി രൂപയാണ് മന്ദിരത്തിന്റെ നിര്‍മാണച്ചെലവ്. ഏകദേശം 888 സീറ്റാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ദേശീയ പുഷ്പമായ താമരയുടെ ആകൃതി അടിസ്ഥാനമാക്കിയാണ് രാജ്യസഭ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 384 അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് സീറ്റ് സ്ഥാപിച്ചിരിക്കുന്നത്. സംയുക്ത സമ്മേളനത്തിന് കൂടി ഉപയോ​ഗിക്കാൻ പറ്റുന്ന തരത്തിലാണ് ലോക്‌സഭാ ഹാള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം 1272 പേരെ വരെ ഈ ഹാളില്‍ ഉള്‍ക്കൊള്ളാനാകും.