2000 -ത്തിന്റെ നോട്ട് തന്നാൽ 2100 രൂപയ്‍ക്ക് സാധനങ്ങൾ വാങ്ങാം, വൈറലായി ഇറച്ചിക്കടയിലെ പരസ്യം

2000 -ത്തിന്റെ നോട്ട് തന്നാൽ 2100 രൂപയ്‍ക്ക് സാധനങ്ങൾ വാങ്ങാം, വൈറലായി ഇറച്ചിക്കടയിലെ പരസ്യം 


2000 രൂപ നോട്ട് പിൻവലിച്ചതായി വാർത്ത വന്നതോടെ രണ്ടായിരത്തിന്റെ നോട്ട് എവിടെയെങ്കിലും എങ്ങനെയെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് ആളുകളുടെ ശ്രമം. അതിന്റെ ഭാ​ഗമായി പമ്പുകളിലൊക്കെ മിക്ക ആളുകളും രണ്ടായിരത്തിന്റെ നോട്ടാണ് നൽകുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. അതുപോലെ തന്നെ രണ്ടായിരം രൂപ നോട്ടുമായി ബന്ധപ്പെട്ട നിരവധി രസകരമായ വാർത്തകളും ട്രോളുകളും വിമർശനങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 

അതേ സമയം വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സം​ഗതി എന്താണ് എന്നല്ലേ? ഈ കടയിൽ നിങ്ങൾ രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും. എന്തൊരു ബിസിനസ് ഐഡിയ അല്ലേ? വിൽപന കൂട്ടാൻ വളരെ ബുദ്ധിപൂർവമുള്ള ആശയം എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിലാണ് ഇതിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഒരു ഇറച്ചിക്കടയാണ് രണ്ടായിരം നോട്ട് തന്നാൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും എന്ന് പരസ്യം ചെയ്തിരിക്കുന്നത്. 
ജിടിപി ന​ഗറിലുള്ള സറദാർ എ പ്യുവർ മീറ്റ് ഷോപ്പിന്റേതാണ് പ്രസ്തുത പരസ്യം. പോസ്റ്ററിൽ ഒരു 2000 -ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം. ഏതായാലും റെഡ്ഡിറ്റിൽ പങ്ക് വച്ചിരിക്കുന്ന പോസ്റ്റ് അധികം വൈകാതെ തന്നെ മറ്റ് സോഷ്യൽ മീഡിയകളിൽ അടക്കം വൈറലായി. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊരു ​ഗംഭീരം ബിസിനസ് ഐഡിയ തന്നെ എന്നാണ് പലരുടേയും കമന്റ്. 

അതുപോലെ കഴിഞ്ഞ ദിവസം പെട്രോൾ പമ്പിൽ നിന്നും രണ്ടായിരത്തിന്റെ നോട്ട് വാങ്ങാൻ വിസമ്മതിക്കുന്ന ഒരു ജീവനക്കാരന്റെ വീഡിയോ വൈറലായിരുന്നു. മാത്രമല്ല, ഇയാൾ സ്കൂട്ടറിലൊഴിച്ച പെട്രോൾ 2000 -ത്തിന്റെ നോട്ട് നൽകിയതോടെ തിരികെ ഊറ്റിയെടുക്കുകയും ചെയ്തിരുന്നു.