കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ച ബന്ധുവും ഭർത്താവിന്റെ സുഹൃത്തും പത്തനംതിട്ടയിൽ അറസ്റ്റിൽ

കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ച ബന്ധുവും ഭർത്താവിന്റെ സുഹൃത്തും പത്തനംതിട്ടയിൽ അറസ്റ്റിൽ


പത്തനംതിട്ട: കോന്നിയില്‍ കാറിൽവച്ച് യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. കേസില്‍ വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പരാതിയുടെയും യുവതി നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 26 ന് രാത്രി 9 മണിയോടെയാണ് സംഭവം. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയെ അസുഖബാധിതയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കാണാന്‍ ദമ്പതികള്‍ പോകാന്‍ നേരം സുഹൃത്തുക്കളായ മറ്റുചിലര്‍ കൂടി ഇവർക്കൊപ്പം ആശുപത്രിയില്‍ പോകാനെത്തി.



ആളുകള്‍ കൂടുതലായതിനാല്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. ബന്ധുവിനും ഭര്‍ത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി.

വഴിമധ്യേ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് 31 കാരിയായ യുവതി മൊഴി നൽകിയിരിക്കുന്നത്. ഇന്ധനം തീര്‍ന്നുപോയതുകൊണ്ടാണ് വൈകിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.



പിന്നീട് വീട്ടിലെത്തിയശേഷമാണ് യുവതി നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം കോന്നി പൊലീസില്‍ അറിയിച്ചു. കേസെടുത്ത പൊലീസ് യുവതിയുടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.