തുപ്പൽ കുപ്പിയിലാക്കി വിൽക്കും, മാസം 41 ലക്ഷം വരെ സമ്പാദിക്കുന്നു എന്ന് യുവതി
പണം സമ്പാദിക്കാനും ഉപജീവനത്തിനും വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും ആളുകൾ അവലംബിക്കുന്നുണ്ട്. വ്യത്യസ്തമായ പല ജോലികളും ചെയ്താണ് ആളുകൾ ലോകത്ത് ജീവിക്കുന്നത്. എന്നാൽ, അതേ സമയം തന്നെ വളരെ വിചിത്രം എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നവരും ഈ ലോകത്തുണ്ട്. അങ്ങനെ ഒരാളാണ് ലതീഷ ജോൺസ് എന്ന യുവതി. തന്റെ കടങ്ങൾ വീട്ടുന്നതിന് വേണ്ടി സ്വന്തം തുപ്പൽ കുപ്പിയിലാക്കി വിറ്റു തുടങ്ങിയെന്നാണ് ലതീഷ പറയുന്നത്. മാസം ഇങ്ങനെ 41 ലക്ഷം വരെ താൻ നേടുന്നു എന്നും അവൾ പറയുന്നു.
ബയോ മെഡിക്കൽ സയൻസ് പഠിക്കുക എന്നതായിരുന്നു ലതീഷയുടെ ആഗ്രഹം. അതിന് വേണ്ടി യൂണിവേഴ്സിറ്റിയിൽ ചേരുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ ചെലവുകൾ നേരിടാനായി പാർട്ട് ടൈം ആയി ജോലിയും ചെയ്യുന്നുണ്ടായിരുന്നു അവൾ. എന്നാൽ, അതിനിടെയാണ് തന്റെ തുപ്പൽ ചെറുകുപ്പികളിലാക്കി അവൾ വിൽക്കാൻ തുടങ്ങിയത്. ഇതോടെ കടം തീർന്നു എന്ന് മാത്രമല്ല, അവൾ ഇപ്പോൾ അൽപം പണക്കാരി കൂടിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
31000 രൂപ മുതൽ 1.5 ലക്ഷം വരെ ആളുകൾ അവളുടെ തുപ്പലിനും മുറിച്ച നഖത്തിനും ഉപയോഗിച്ച ബെഡ്‍ഷീറ്റിനും ഒക്കെ വേണ്ടി നൽകുന്നു എന്നാണ് പറയുന്നത്. അതോടെ ലതീഷ തന്റെ പാർട്ട് ടൈം ജോലിയും പഠനവും എല്ലാം ഉപേക്ഷിച്ചു. ഇപ്പോൾ മുഴുവൻ സമയവും തുപ്പുന്നതിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണത്രെ. ഇതുവരെ തനിക്കുള്ള കടവും താൻ വീട്ടി എന്നും പുതിയ ഒരു ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അവൾ പറയുന്നു. നാല് വർഷമായി താൻ ഈ ജോലി ചെയ്യുന്നുണ്ട് എന്നും ലതീഷ പറയുന്നു. അതേ സമയം വിചിത്രമായ ഈ സംഭവത്തിന്റെ പേരിൽ അവളെ വിമർശിക്കുന്നവരും അനേകമുണ്ട്.