ജീവന്റെ വിലയുള്ള 50 മിനിറ്റ്; അടൂരിൽ പാമ്പു കടിയേറ്റ കുട്ടിയെ 50 മിനിറ്റിൽ തിരുവനന്തപുരത്തെത്തിച്ച് ‘108’

ജീവന്റെ വിലയുള്ള 50 മിനിറ്റ്; അടൂരിൽ പാമ്പു കടിയേറ്റ കുട്ടിയെ 50 മിനിറ്റിൽ തിരുവനന്തപുരത്തെത്തിച്ച് ‘108’തിരുവനന്തപുരം: അടൂരിൽ പാമ്പു കടിയേറ്റ എട്ടു വയസുകാരനെ 50 മിനിറ്റിൽ തിരുവനന്തപുരത്തെത്തിച്ചു. ചൊവ്വ ഉച്ചയോടെയാണ് കൊടുമൺ പ്ലാന്റേഷൻ സ്വദേശിയായ എട്ടു വയസ്സുകാരന് അണലിയുടെ കടിയേറ്റത്.

ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചത്. അടൂർ ജനറൽ ആശുപത്രിയിൽ നിന്നാണ് കുട്ടിയ്ക്ക് ആന്റിവെനം നല്‍കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിച്ചത്.


108 ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ്.ശ്രീജിത്ത് എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. പൊലീസിന്റെ ഗ്രീൻ കോറിഡോർ സംവിധാനം വഴി ആംബുലൻസിന് സുഗമമായി കടന്നു പോകാൻ വേണ്ട സജ്ജീകരണങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരുക്കി 3.40ന് കുട്ടിയുമായി ആംബുലൻസ് അടൂരിൽ നിന്ന് തിരിച്ചു.

4.30ന് ആംബുലന്‍സ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തുകയും ഉടന്‍ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിക്ക് തുടർ ചികിത്സ നൽകിവരുന്നതായും ആരോഗ്യനില ഗുരുതരമായി തുടരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.