തട്ടിപ്പുകാരെക്കൊണ്ടു തോറ്റു; കേരളത്തിൽനിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷംരൂപതിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. പണം നഷ്ടമായെന്നുകാട്ടി കേരളത്തിൽ സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതൽ 90 വരെ പരാതികൾ.


കഴിഞ്ഞവർഷം അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. 2021-ൽ ഇത് 300 ആയിരുന്നു. ഇക്കൊല്ലം ആറുമാസം തികയുംമുമ്പേ രജിസ്റ്റർചെയ്യപ്പെട്ടത് 150-ഓളം കേസുകളാണെന്ന് സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി. തുമ്മല വിക്രം പറഞ്ഞു.

ഓൺലൈൻ തട്ടിപ്പുകൾക്ക് ഒരോദിവസവും പുതിയരീതികളാണ്. വീടുവാടകയ്ക്ക് ആവശ്യമുള്ള സി.ആർ.പി. എഫുകാരനെന്ന വ്യാജേന ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുപോലും പണംതട്ടിയ സംഭവമുണ്ടായി. ഇത്തരത്തിൽ തലസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥന് രണ്ടുതവണയായി ഒരുലക്ഷത്തോളം രൂപ നഷ്ടമായി. യൂട്യൂബിൽ വീഡിയോയിൽ ലൈക്കുചെയ്യുന്ന പാർട്ട് ടൈംജോലിയുണ്ടെന്ന പേരിലും പെൻസിൽ പായ്ക്കുചെയ്യുന്ന ജോലിയുടെ പേരിലുമൊക്കെ പലർക്കും പണംനഷ്ടമായി. ലണ്ടൻ സ്വദേശിയാണെന്നും സ്വർണത്തിന്റെ വ്യാപാരമാണെന്നും പറഞ്ഞ് അങ്കമാലി സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതും അടുത്തദിവസമാണ്