റോസ്ഗർ മേള പദ്ധതി: 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും
സർക്കാർ ജോലിയിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്ന റോസ്ഗർ മേള പദ്ധതിയുടെ ഭാഗമായി 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്യും. കേന്ദ്ര സർക്കാരിലെയും സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളിലേക്കാണ് നിയമനം. നിയമന ഉത്തരവ് നൽകുന്നതിനൊപ്പം വെർച്വലായി പ്രധാനമന്ത്രി ഇവരെ അഭിസംബോധന ചെയ്യും. രാജ്യത്തെ 45 സ്ഥലങ്ങളിലായിട്ടാണ് റോസ്ഗാർ മേള സംഘടിപ്പിക്കുന്നത്.
ഗ്രാമീൺ ഡാക് സേവക്, ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക്, സബ് ഡിവിഷണൽ ഓഫീസർ, ടാക്സ് അസിസ്റ്റന്റ് മുതലായ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ നിയമിച്ചത്.
Also read: യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ 395 മുസ്ലീം സ്ഥാനാര്‍ത്ഥികളെ ബിജെപി അണിനിരത്തി; അൻപതോളം പേര്‍ക്ക് വിജയം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. റോസ്ഗർ മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഉത്തേജകമായി പ്രവർത്തിക്കുമെന്നും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
പുതുതായി നിയമിതരായവർക്ക് വിവിധ സർക്കാർ വകുപ്പുകളിലെ എല്ലാ പുതിയ നിയമനങ്ങൾക്കും വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ കർമ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും. 10 ലക്ഷം സർക്കാർ ജോലികൾ നൽകാനുള്ള കാമ്പെയ്‌നിന്റെ തുടക്കം കുറിക്കുന്ന ‘റോസ്ഗർ മേള’യുടെ ആദ്യഘട്ടം കഴിഞ്ഞ വർഷം ഒക്ടോബർ 22-ന് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചിരുന്നു.
Summary: Prime Minister Narendra Modi to disburse 71,000 job offers as part of Rozgar Mela. Phase 1 of the job-creation drive was launched in October 22, 2022