കുടക് ജില്ലയിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരം- വോട്ടിങ് ശതമാനം 74.74

കുടക് ജില്ലയിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരം- വോട്ടിങ് ശതമാനം 74.74


വിരാജ്പേട്ട: കർണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ കുടക് ജില്ലയിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരം 74.74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.ജില്ലയിൽ മടിക്കേരി, വിരാജ് പേട്ട എന്നി രണ്ട് നിയോജകമണ്ഡലങ്ങളിലെ ദുരിഭാഗ ബൂത്തുകളിലും രാവിലെ മുതൽ തന്നെ നീണ്ട ക്യുവായിരുന്നു. വിരാജ് പേട്ടയിൽ 74.07 ശതമാനവും മടിക്കേരിയിൽ 75.39 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ഇരു നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ നേരിയ വർദ്ധനവ്.
മടിക്കേരിയിലെ ബി ജെ പി സ്ഥാനാർത്ഥി അപ്പച്ചു രഞ്ചൻ കുംബുരു പോളിംങ് സ്റ്റേഷനിലും കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.മന്തർ ഗൗഡ ബാലഗുഡ പോളിംങ്ങ് ബൂത്തിലും ജനതാദൾ സെക്കുലർ സ്ഥാനാർത്ഥി നാപണ്ണ മുത്തപ്പ സിദ്ദലിംഗ്പൂരിലെ 96 നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
വിരാജ് പേട്ട നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി എ.എസ്.പൊന്നണ്ണ ഹുഡിക്കേരി ബേലൂരുവിലെ 246 നമ്പർ പോളിംങ്ങ് ബൂത്തിൽ ഭാര്യ കാഞ്ചനയോടപ്പമെത്തി വോട്ട് ചെയ്തു. കോൺഗ്രസ് വക്താക്കളായ സങ്കേത്പൂവ്വയ്യ, അന്ന നരേൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബി ജെ പി സ്ഥാനാർത്ഥി കെ.ജി. ബൊപ്പയ്യ ഭാര്യ കുന്തി ബൊപ്പയ്യ, മകൾ യാഷിക എന്നിവരോടപ്പമെത്തി മടിക്കേരി ജൂണിയർ കോളേജിലെ പോളിംങ്ങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്തു. ജെ ഡി എസ് സ്ഥാനാർത്ഥി മൺസൂർ അലി നാപോക് ലു കർണ്ണാടക പബ്ലിക്ക് സ്കൂളിലെ 57 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
മടിക്കേരിയിൽ കോൺഗ്രസും ബിജെപിയും ജെ ഡി എസും തമ്മിൽ ശക്തമായ ത്രികോണ മൽസരം നടന്നപ്പോൾ വിരാജ് പേട്ടയിൽ കോൺഗ്രസും ബി ജെ പിയും നേർക്കുനേർ പോരാട്ടമാണ് നടന്നത്. അതിർത്തി ബൂത്തായ മാക്കൂട്ടം ഗവ: എൽ പി സ്കൂളിൽ മാവോയിസ്റ്റ് ഭീഷണികൂടി കണക്കിലെടുത്ത് ശക്തമായ സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.