പത്ത് പേർക്ക് പുതുജീവൻ നൽകിയ സാരംഗിന് പത്താം ക്ലാസ് ഫലം വന്നപ്പോൾ ഫുൾ A+


 പത്ത് പേർക്ക് പുതുജീവൻ നൽകിയ സാരംഗിന് പത്താം ക്ലാസ് ഫലം വന്നപ്പോൾ ഫുൾ A+


 ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ നൊമ്പരമായി സാരംഗ് ബിആർ. ഫലം പുറത്തു വരുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് സാരംഗ് മരണത്തിന് കീഴടങ്ങിയത്. മരണത്തിലും പത്ത് പേർക്ക് പുതുജീവൻ നൽകിയാണ് സാരംഗ് യാത്രയായത്.

പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാരംഗിനെ പ്രത്യേകം പരാമർശിച്ചു. ഫലം വന്നപ്പോൾ ഗ്രേസ് മാർക്കില്ലാതെ തന്നെ എല്ലാ വിഷയത്തിലും A+ നേടിയാണ് സാരംഗ് വിജയിച്ചത്.


തിരുവനന്തപുരം ആറ്റിങ്ങൽ ആറ്റിങ്ങൽ ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന സാരംഗ് ഇക്കഴിഞ്ഞ ആറാം തീയതിയാണ് അപകടത്തിൽപെട്ടത്. അമ്മയ്ക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിന് സമീപത്തുവെച്ച് അപകടത്തിൽപെടുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.

മകൻ മരിച്ച വേദനയിലും പത്ത് പേർക്ക് ജീവൻ നൽകാൻ സാരംഗിന്റെ മാതാപിതാക്കൾ തയ്യാറായി. സാരംഗിന്റെ കണ്ണുകൾ, കരൾ,ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ ദാനം നൽകാനാണ് മാതാപിതാക്കൾ സമ്മതം അറിയിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശിയായ കുട്ടിക്ക് ഹൃദയ കൈമാറിയിരുന്നു.

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രഞ്ജിനിയുടെയും മകനാണ് സാരംഗ്. കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ മാമത്തു നടത്തുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്ന സാരംഗിനു ഫുട്ബോൾ താരമാകാനായിരുന്നു ആഗ്രഹം. ആശുപത്രിയിൽ കഴിയവേ, ഫുട്ബോൾ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവച്ചിരുന്നു.