ആക്രമിച്ചത് സർജിക്കൽ ബ്ലേഡ് കൊണ്ടാണെന്ന് ആദ്യം മനസിലായില്ല; കഴുത്തിൽ അടിച്ചതാണെന്ന് കരുതി: സന്ദീപിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ബിനു


'ആക്രമിച്ചത് സർജിക്കൽ ബ്ലേഡ് കൊണ്ടാണെന്ന് ആദ്യം മനസിലായില്ല; കഴുത്തിൽ അടിച്ചതാണെന്ന് കരുതി: സന്ദീപിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ബിനു


കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തിക്കൊന്നതിന്‍റെ നടുക്കത്തിലാണ് കേരളമാകെ. എക്സ്റേ എടുത്തതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സന്ദീപ് അക്രമാസക്തനായതെന്ന് ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ ബിനു  പറഞ്ഞു. തന്നെ സന്ദീപ് കഴുത്തിന് അടിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കഴുത്തിൽനിന്ന് രക്തം ചാടിയപ്പോഴാണ് മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ച് കുത്തിയതാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച വൈകിട്ട് മുതൽ സന്ദീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാട്ടിലെ പൊതുപ്രവർത്തകനായിരുന്ന ബിനു ഇടപെട്ടിരുന്നു.

ചൊവ്വാഴ്ച സന്ധ്യ മുതൽ മാനസിക വിഭ്രാന്തിയോടെയാണ് സന്ദീപ് പെരുമാറിയത്. സ്വദേശമായ ഓടനാവട്ടം ചെറുകരക്കോണം പ്രദേശത്തെ വീടുകളിൽ കയറി ബഹളംവെക്കുകയും തന്നെ ആരോ കൊല്ലാൻ വരുന്നതായി വിളിച്ചുകൂവുകയും ചെയ്ത. ഈ വിവരം അറിഞ്ഞാണ് ബിനു ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയത്. രണ്ടു തവണ സന്ദീപിനെ വീട്ടിൽകൊണ്ടാക്കുകയും ചെയ്തു. അതിനിടെ ഒരുതവണ സന്ദീപ് തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തന്നെ ചിലർ കൊല്ലാൻ വരുന്നതായി അറിയിച്ചു. ഇത് അനുസരിച്ച് പൂയപ്പള്ളി പൊലീസ് സംഭവസ്ഥലത്തേക്ക് വന്നെങ്കിലും സന്ദീപിനെ തിരിച്ചുവിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വീടും സ്ഥലവും മനസിലാകാതെ പൊലീസ് മടങ്ങിപ്പോയി.

പുലർച്ചെ മൂന്ന് മണിയോടെയാണ് ചെറുകരക്കോണത്തെ ഗോപാലപിള്ള എന്നയാളുടെ വീട്ടിൽ കയറി സന്ദീപ് ബഹളംവെച്ചത്. തന്നെ ആരോ കൊല്ലാൻ വരുന്നുവെന്നാണ് ഇയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ബിനുവിനെ വിളിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ബിനുവിനെ വിളിക്കാൻ ആദ്യം വീട്ടുകാർ തയ്യാറായില്ല. ഇയാളുടെ കാലിൽനിന്ന് രക്തം വരുന്നത് കണ്ടാണ് വീട്ടുകാർ ബിനുവിനെ വിളിച്ചുവരുത്തിയത്. അപ്പോഴേക്കും നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പൊലീസ് കാലിന് പരിക്കേറ്റ നിലയിൽ സന്ദീപിനെ കണ്ടു. ഇതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസിയായ ബിനുവിനെയും സന്ദീപിന്‍റെ ബന്ധുവായ രാജേന്ദ്രൻപിള്ളയെയും ഒപ്പംകൂട്ടി.

ആശുപത്രിയിലെത്തിച്ച ഉടൻ സന്ദീപിനെ ഡ്രെസിങ് റൂമിൽ കയറ്റി. ഡോ. വന്ദന ഉൾപ്പടെയുള്ളവരാണ് മരുന്ന് വെച്ചത്. ഈ സമയമെല്ലാം, സന്ദീപ് വളരെ ശാന്തനായിരുന്നു. ഇതിനുശേഷം കാലിന് ശക്തമായ വേദനയുണ്ടെന്ന് സന്ദീപ് ഡോക്ടറോട് പറഞ്ഞു. എന്നാൽ കാലിന് എക്സ്റേ എടുക്കാനായി കയറിയശേഷം തിരിച്ചിറങ്ങിയ സന്ദീപ് അക്രമാസക്തനായി. ബന്ധുവായ രാജേന്ദ്രൻപിള്ളയ്ക്കെതിരെയാണ് ഇയാൾ ആദ്യം തിരിഞ്ഞത്. രാജേന്ദ്രൻപിള്ളയെ അടിക്കുന്നത് കണ്ടാണ് താൻ ഓടിയെത്തിയതെന്ന് ബിനു പറയുന്നു. എന്നാൽ തന്‍റെ നേരെ തിരിഞ്ഞ സന്ദീപ് കഴുത്തിന് അടിക്കുകയായിരുന്നുവെന്ന് ബിനു പറഞ്ഞു. കഴുത്തിന് അടികൊണ്ട് ഭിത്തിയിൽ ഇടിച്ചു വീണു. എഴുന്നേറ്റപ്പോൾ കഴുത്തിൽനിന്ന് രക്തം വന്നു. വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ മുതുകത്തും തുടരെ അടിച്ചു. തന്നെ അടിക്കുന്നത് കണ്ടുകൊണ്ടാണ് സ്ഥലത്തുണ്ടായിരുന്ന ഹോംഗാർഡ് ഓടിയെത്തിയത്. ഹോംഗാർഡിനെ തലയിൽ ഇയാൾ ശക്തമായി അടിച്ചു. ഇതിന് പിന്നാലെ ഹോംഗാർഡിന്‍റെ തലയിൽനിന്ന് രക്തം ചാടി. ഇതോടെയാണ് സന്ദീപിന്‍റെ കൈവശം മൂർച്ചയേറിയ ആയുധമുണ്ടെന്ന് അവിടെ നിന്നവർക്ക് മനസിലായത്. ഇതോടെ താനും രാജേന്ദ്രൻപിള്ളയും സ്ഥലത്തുനിന്ന് ഓടിമാറിയെന്നും ബിനു പറയുന്നു.


ഇതോടെ ആശുപത്രി ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും സമീപത്തെ മുറിയിൽ കയറി കതകടച്ചു. എന്നാൽ ഇതറിയാതെ ഡോക്ടറുടെ മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങി ഓടിരക്ഷപെടാൻ ശ്രമിക്കുകയായിരുന്നു ഡോ. വന്ദന ദാസ്. ബിനുവിനെയും രാജേന്ദ്രൻപിള്ളയെയും കിട്ടാത്തതിന്‍റെ ദേഷ്യത്തിൽ തിരിഞ്ഞപ്പോൾ സന്ദീപ് കണ്ടത് ഡോ. വന്ദനയെയായിരുന്നു. ഓടിരക്ഷപെടാനുള്ള ശ്രമത്തിനിടെ വന്ദന മറിഞ്ഞുവീണു. ഇതോടെ അടുത്തേക്ക് എത്തിയ സന്ദീപ്, ഡോക്ടറുടെ തലയിലും കഴുത്തിലും മുതുകത്തും സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തുകയായിരുന്നു. ഈ സമയം സന്ദീപിനെ ചികിത്സിക്കാനായി കൊണ്ടുവന്ന പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും കൈയിൽ ആയുധമുള്ള സന്ദീപിനെ നേരിടാനാകാതെ ആദ്യം പകച്ചുപോയി. തുടർന്ന് അവർ സന്ദീപിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും മൂന്ന് പൊലീസുകാർക്ക് കൂടി കുത്തേൽക്കുന്നത് കണ്ടതായും ബിനു പറഞ്ഞു. ഡ്രസ് ചെയ്യുന്നതിനിടെ അവിടെനിന്നാണ് സർജിക്കൽ ബ്ലേഡ് സന്ദീപ് ആരുമറിയാതെ കൈവശപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.

ആശുപത്രിയിലെ അതിക്രമം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊട്ടാരക്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് സന്ദീപിനെ കീഴടക്കിയത്. ഡെങ്കിപ്പനി ബാധിച്ച അമ്മയ്ക്കൊപ്പം കഴിഞ്ഞ കുറച്ചുദിവസമായി ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദീപ് വീട്ടിലക്ക് തിരിച്ചെത്തിയത്. അമ്മയെ ശുശ്രൂഷിക്കാൻ നിന്ന ഇയാൾക്കും ഡെങ്കി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.