അരികൊമ്പന്‍ തമിഴ്‌നാട്ടിലും റേഷന്‍കട തകര്‍ത്തു ; ജനല്‍ തകര്‍ത്തു, അരി മോഷ്ടിക്കാനായില്ല

അരികൊമ്പന്‍ തമിഴ്‌നാട്ടിലും റേഷന്‍കട തകര്‍ത്തു ; ജനല്‍ തകര്‍ത്തു, അരി മോഷ്ടിക്കാനായില്ല


മേഘമല: റേഷന്‍കടകളും വീടുകളും തകര്‍ക്കുന്നു അരിയും ഉപ്പും മോഷ്ടിക്കുന്നു തുടങ്ങി പലതരം കുറ്റം ചുമത്തി കേരളം അതിര്‍ത്തിയിലെ വനമേഖലയിലേക്ക് നാടുകടത്തിയ അരികൊമ്പന്‍ ചെന്ന സ്ഥലത്തും കുഴപ്പമുണ്ടാക്കുന്നു. തമിഴ്‌നാട് മണലാര്‍ എസ്‌റ്റേറ്റിലെ റേഷന്‍കട ഇന്നലെ തകര്‍ക്കാന്‍ നോക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. റേഷന്‍കട ആക്രമിച്ചെങ്കിലും ജനാല ഭാഗികമായി തകര്‍ക്കാനേ കഴിഞ്ഞുള്ളൂ.

റേഷന്‍കടയ്ക്ക് ചെറിയ കേടുപാടുകള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അരി എടുക്കാന്‍ കഴിഞ്ഞില്ല. രാത്രി രണ്ടു മണിയോടെയാണ് അരികൊമ്പന്‍ മണലാര്‍ എസ്‌റ്റേറ്റില്‍ എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മേഘമല ഭാഗത്ത് ഉണ്ടായിരുന്ന അരികൊമ്പന്‍ അതിര്‍ത്തിയിലെ വനമേഖലയിലേക്ക് കടന്നിരുന്നു. അരികൊമ്പനെ മാറ്റിയ മേഘമലയില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ അകലെയാണ് മണലൂര്‍ എസ്‌റ്റേറ്റ്.

റേഷന്‍ കടയുടെ ഷീറ്റ് കൊണ്ടുണ്ടാക്കിയ ജനാലയാണ് തകര്‍ത്തത്. എന്നാല്‍ അരിയെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തിരിച്ച് വനമേഖലയിലേക്ക് ആന തിരിച്ചുപോകുകയും ചെയ്തു. റേഡിയോ കോളറൊക്കെ ഘടിപ്പിച്ചാണ് വിട്ടിട്ടുള്ളതെങ്കിലും കേരളത്തിലെ വനംവകുപ്പ് നല്‍കിയ സന്ദേശങ്ങള്‍ ഇവിടെ മൊബൈല്‍ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാല്‍ കിട്ടാതെ പോകുകയായിരിക്കാമെന്നാണ് കരുതുന്നത്. സ്ഥലത്ത് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. വളരെ കുറച്ച് സമയം മാത്രമായിരുന്നു അരികൊമ്പന്റെ ആക്രമണം.