'മയക്കുമരുന്ന് വിറ്റ് അറസ്റ്റിലാകുന്നവർക്ക് അഞ്ച് വർഷം വിലക്ക്: ബീമാപള്ളി ജമാ അത്ത്
'മയക്കുമരുന്ന് വിറ്റ് അറസ്റ്റിലാകുന്നവർക്ക് അഞ്ച് വർഷം വിലക്ക്: ബീമാപള്ളി ജമാ അത്ത്


തിരുവനന്തപുരം: ലഹരി മരുന്ന് കച്ചവടം തടയാന്‍ പുതിയ ഉത്തരവ് പുറത്തിറക്കി തിരുവനന്തപുരത്തെ ബീമാപള്ളി മഹല്‍ ജമാഅത്ത്. ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയില്‍ വിലക്കേര്‍പ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ പുതിയ തീരുമാനം. 23000ലധികം അംഗങ്ങളാണ് ബീമാപള്ളി ജമാഅത്ത് കമ്മിറ്റിയിലുള്ളത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയില്‍ നിന്ന് 5 വര്‍ഷത്തേക്ക് വിലക്കുമെന്ന് കമ്മിറ്റി പ്രതിനിധികള്‍ അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ലഹരിമരുന്ന് കൈവശം വെച്ച കേസില്‍ 26കാരനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനവുമായി ജമാഅത്ത് രംഗത്തെത്തിയത്. 1.4 കിലോ കഞ്ചാവ് കൈവശം വെച്ചുവെന്ന കേസില്‍ നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളായ മുഹമ്മദ് സിറാജ്, നന്ദു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read-തഹസിൽദാർ മുതൽ സ്വീപ്പർ വരെ; 2 വര്‍ഷത്തിനിടെ കൈക്കൂലി കേസില്‍‌ വിജിലന്‍സ് പിടിയിലായത് 40ഓളം റവന്യൂ ജീവനക്കാര്‍

കമ്മിറ്റിയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് സിറാജിനെ ജമാഅത്ത് വിലക്കിയിട്ടുണ്ട്. പള്ളികാര്യങ്ങളില്‍ യാതൊന്നിലും സിറാജിന് ഇടപെടാന്‍ കഴിയില്ല. ജമാഅത്ത് തെരഞ്ഞെടുപ്പില്‍ വോട്ടവകാശവും ഇയാൾക്ക് ഉണ്ടായിരിക്കില്ല. കമ്മിറ്റി തീരുമാനങ്ങള്‍ക്ക് സമുദായത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ഇത്തരത്തിലുള്ള വിലക്കുകള്‍ സമുദായത്തിലെ അംഗങ്ങളുടെ ആത്മാഭിമാനത്തെ തന്നെയാണ് ബാധിക്കുക.

”വ്യക്തികളുടെ അംഗത്വം നിരോധിക്കുന്നത് വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. വളരെ ആഴത്തിലുള്ള കുടുംബന്ധങ്ങളാണ് ഇവിടെയുള്ളത്. അതിനാല്‍ വിഷയം വളരെ വലിയ രീതിയില്‍ ചര്‍ച്ചയാകും. കുടുംബത്തിന്റെ ആത്മാഭിമാനം വരെ ചോദ്യം ചെയ്യപ്പെടും. അതിനാല്‍ കുടുംബാംഗങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റ് അംഗങ്ങളെ നിരുത്സാഹപ്പെടുത്താന്‍ സാധ്യതയുണ്ട്,” ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എംകെഎം നിയാസ് പറഞ്ഞു.

അതേസമയം വ്യക്തികളുടെ മതപരമായ അവകാശങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തില്ലെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു. വിവാഹം, മരണം, ഖബറടക്കം എന്നിവയിലൊന്നും തന്നെവിലക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്.

”എല്ലാ സ്ഥലങ്ങളെയും പോലെ ബീമാപള്ളിയിലും ലഹരിമരുന്ന് സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്മിറ്റിയെത്തിയത്. നേരത്തെ ഇത്തരക്കാര്‍ക്കായി ഞങ്ങള്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇനി കര്‍ശന നടപടികള്‍ എടുക്കേണ്ട സമയമായി എന്ന് തോന്നുന്നു,” നിയാസ് പറഞ്ഞു.