വസ്ത്രവ്യാപാരിയെ കത്തി കൊണ്ട് കുത്തികവർച്ചക്ക് ശ്രമം

വസ്ത്രവ്യാപാരിയെ കത്തി കൊണ്ട് കുത്തി കവർച്ചക്ക് ശ്രമം


കണ്ണൂർ. വ്യാപാരസ്ഥാപനം പൂട്ടി തളിപ്പറമ്പിലെ വീട്ടിലേക്ക് പുറപ്പെട്ട വസ്ത്രവ്യാപാരിയെ അപായപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. ഇന്നലെ രാത്രി 9 മണിയോടെ ബല്ലാർഡ് റോഡിൽ ദേവദാസ് കടക്ക് മുന്നിലാണ് സംഭവം. വസ്ത്രവ്യാപാരിയായ തളിപ്പറമ്പ് മന്നസയ്യിദ് നഗറിലെ ഉസാമ മൻസിലിൽ മൂസാൻ ഹാജിയുടെ മകൻ പി.ഉസാമ (36)യെയാണ് കവർച്ചക്കെത്തിയ യുവാവ് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് പണം തട്ടാൻ ശ്രമിച്ചത്.കട പൂട്ടി സ് കൂട്ടിയിൽ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം: സ്കൂട്ടിയിലെ ഡിക്കിയിൽ കലക്ഷൻതുകയായ നാല് ലക്ഷം രൂപ ബേഗിൽ സൂക്ഷിച്ചിരുന്നു.ഇത് തട്ടിയെടുക്കാനാണ് 30 വയസ് പ്രായം തോന്നിക്കുന്ന കവർച്ചക്കാരൻ വ്യാപാരിയെ അപായപ്പെടുത്താൻ ശ്രമിച്ചത്.നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോഴെക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ വ്യാപാരി കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ പോലീസ് പരാതിയിൽ കേസെടുത്തു. അക്രമിയെ കണ്ടെത്താൻപ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്.