പ്രിയപ്പെട്ട അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി പാനൂർ ചമ്പാട്ടെ വീട്ടിലെത്തി

പ്രിയപ്പെട്ട അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി പാനൂർ ചമ്പാട്ടെ വീട്ടിലെത്തി
പ്രിയപ്പെട്ട അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി പാനൂർ ചമ്പാട്ടെ വീട്ടിലെത്തി

പാനൂർ : സ്കൂളിൽ കണക്ക് പഠിപ്പിച്ച പ്രിയപ്പെട്ട രത്ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തിങ്കളാഴ്ച  പാനൂരിനടുത്ത് ചമ്പാട് എത്തി . കാർഗിൽ ബസ്റ്റോപ്പിന് സമീപം ആനന്ദിലാണ് സൈനിക സ്കൂളിൽ നിന്ന് വിരമിച്ച രത്നാ നായർ താമസിക്കുന്നത്. രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണ് ജഗദീപ് ധൻകറെ ടീച്ചർ പഠിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രപതി താഴെ ചമ്പാടെത്തിയത്.

ആറാം ക്ലാസ് മുതൽ 12 വരെയുള്ള സൈനിക വിദ്യാലയത്തിൽ താമസിച്ചു പഠിച്ചിരുന്ന ധൻകറിന് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയായിരുന്നു രത്ന. മാതാപിതാക്കളെ പിരിഞ്ഞ് സ്കൂളിൽ കഴിയുന്ന ഓരോ വിദ്യാർഥിയെയും സങ്കടങ്ങളറിയിക്കാതെ വിദ്യപകർന്ന രത്നയ്ക്ക് ഇപ്പോൾ വയസ്സ് 88. അന്നത്തെ സ്നേഹവും കരുതലും മറക്കാത്ത മനസ്സുമായാണ് ജഗദീപ് ധൻകർ എത്തിയത്. 1968-ൽ 12-ാം തരം വിജയിച്ച് സ്കൂൾ വിട്ട ധൻകർ പല സന്ദർഭങ്ങളിലായി മാതൃതുല്യമായ സ്നേഹം തന്നിരുന്ന ടീച്ചറെ വന്നു കണ്ടിട്ടുണ്ട്. ധൻകറിനെ പഠിപ്പിച്ച അധ്യാപകരിൽ രണ്ടുപേർ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കെമിസ്ട്രി അധ്യാപകനായിരുന്ന രാജസ്ഥാൻ സ്വദേശി ഹർഭാൽ സിങ്ങാണ് മറ്റൊരാൾ.

ബംഗാളിൽ ഗവർണറായപ്പോഴും ധൻകർ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഏതാവശ്യത്തിനും വിളിക്കാൻ സ്വകാര്യ നമ്പറും ടീച്ചർക്ക് നൽകിയിരുന്നു. രത്നാനായർ 30 വർഷം രാജസ്ഥാനിൽ സേവനമനുഷ്ഠിച്ചു. അവിടെനിന്ന് വിരമിച്ച് എട്ടുവർഷക്കാലം എറണാകുളം നവോദയ സ്കൂളിൽ. പിന്നീട് ചെണ്ടയാട് നവോദയ സ്കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്. ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ആരോഗ്യകാരണങ്ങളാൽ ടീച്ചർക്ക് പങ്കെടുക്കാനായില്ല.