രണ്ടരക്കോടി പാഠപുസ്തകങ്ങൾ തയാർ; സ്കൂളിലേക്ക് വിതരണം തുടങ്ങി

രണ്ടരക്കോടി പാഠപുസ്തകങ്ങൾ തയാർ; സ്കൂളിലേക്ക് വിതരണം തുടങ്ങി
പുതിയ അധ്യയനവർഷത്തേക്കുള്ള 2,53,13,000 ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ‍സ് സൊസൈറ്റിയിൽ (കെബിപിഎസ്) പൂർത്തിയായി. ഒന്നാം വാല്യത്തിൽ ശേഷിക്കുന്ന 27,94,400 പുസ്തകങ്ങളുടെ അച്ചടി അടുത്തയാഴ്ചയോടെ പൂർത്തിയാകും. അച്ചടിച്ച പുസ്തകങ്ങൾ വിവിധ ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിലേക്കും അവിടെനിന്നു സ്കൂൾ സൊസൈറ്റികളിലേക്കും കൊണ്ടുപോയി തുടങ്ങി. പകുതിയിലധികം പുസ്തകങ്ങളുടെ വിതരണം പൂർത്തിയായെന്നാണു വിവരം. 

മൂന്നു വാല്യങ്ങളിലായി 4,82,01,200 പാഠപുസ്തകങ്ങൾ അച്ചടിക്കാനാണു കെബിപിഎസിന് ഓർഡർ ലഭിച്ചത്. മാനേജിങ് ഡയറക്ടറായിരുന്ന ഐജി പി.വിജയൻ സ്ഥാനമൊഴിയുംമുൻപ് ഒന്നാം വാല്യത്തിലെ 75% പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു. പ്രിന്റിങ്, ബൈൻഡിങ് വിഭാഗങ്ങളിൽ രാത്രിയും പകലും ജോലി ചെയ്താണു ജീവനക്കാർ 85% പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയാക്കിയത്. 

കഴിഞ്ഞ വർഷങ്ങളിലെ അച്ചടിക്കൂലി സർക്കാർ വൈകിയാണു നൽകിയത്. സർക്കാർഫണ്ടിനു കാത്തുനിൽക്കാതെ സ്വന്തംഫണ്ടിൽനിന്നു പണമെടുത്തു കടലാസ് വാങ്ങിയതിനാലാണ് അച്ചടി സമയബന്ധിതമായി പൂർത്തിയാക്കാനായത്. പാഠപുസ്തകഅച്ചടി പുരോഗമിക്കുന്നതിനിടെ എംഡി പി.വിജയനെ അപ്രതീക്ഷിതമായി മാറ്റിയതു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഫണ്ട് മാറിനൽകാൻ മേധാവി ഇല്ലാതിരുന്നതിനാൽ മഷി ഉൾപ്പെടെയുള്ള സാമഗ്രികൾ കിട്ടാതിരുന്നതു ലോട്ടറി ടിക്കറ്റ് അച്ചടിയെയും ബാധിച്ചിരുന്നു