മാസങ്ങള്‍ക്ക് മുമ്പ് സൗഹൃദം ഉപേക്ഷിച്ചതിന്റെ പ്രതികാരം തീര്‍ത്തത് ഫേസ്ബുക്ക് വാളില്‍ ആക്ഷേപിച്ച് ; യുവതി ആത്മഹത്യ ചെയ്തു ; മുങ്ങിയ സുഹൃത്തിനായി പോലീസ് തെരച്ചില്‍

മാസങ്ങള്‍ക്ക് മുമ്പ് സൗഹൃദം ഉപേക്ഷിച്ചതിന്റെ പ്രതികാരം തീര്‍ത്തത് ഫേസ്ബുക്ക് വാളില്‍ ആക്ഷേപിച്ച് ; യുവതി ആത്മഹത്യ ചെയ്തു ; മുങ്ങിയ സുഹൃത്തിനായി പോലീസ് തെരച്ചില്‍

കോട്ടയം : കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനെ പോലീസ് തെരയുന്നു. സുഹൃത്തിന്റെ സൈബര്‍ അക്രമണത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ആതിര എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അരുണ്‍ വിദ്യാധരന്‍ എന്ന യുവാവിനെയാണ് പോലീസ് തെരയുന്നത്. യുവാവിനെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും മറ്റും അരുണ്‍ അയാളുടെ ഫേസ്ബുക്ക് വാളില്‍ നിരന്തരമായി പങ്കുവെച്ചിരുന്നു.

ഇതിനെതിരെ പൊലീസില്‍ ആതിര പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ മുമ്പ് സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആതിരയുടെ പരാതിയില്‍ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അരുണ്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുമെന്ന് അദ്ദേഹം കുറിച്ചു