കൂത്തുപറമ്പിൽ വന്‍ മയക്ക് മരുന്ന് വേട്ട: ഓണ്‍ലൈനായി നെതര്‍ലാന്റില്‍ നിന്നും വരുത്തിയ മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍*
കൂത്തുപറമ്പ്: ആമസോണ്‍ വഴി ഓണ്‍ലൈനില്‍ നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിയ 70 LSD സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി.
കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍ എത്തിചേര്‍ന്ന മാരകമയക്കു മരുന്നായ 70 LSD സ്റ്റാമ്പുകള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്.ജനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫിസില്‍ സംശയാസ്പദമായി എത്തിയ തപാല്‍ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു.
തന്ത്രപരമായ നീക്കത്തിലൂടെ വിലാസക്കാരന്‍ കൂത്തുപറമ്പ് പാറാല്‍ സ്വദേശി ശ്രീശൈലം വീട്ടില്‍ ശ്രീരാഗ് ആണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് മഫ്തിയില്‍ പ്രത്യേക സംഘം വീടിന് സമീപത്തു നിന്ന് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മെയ് 1 ന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തത്. ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസില്‍ വന്നതെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിടികൂടിയ സ്റ്റാമ്പുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും.
പ്രിവന്റ്‌റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, എം.സുബിന്‍, സി.കെ.ശജേഷ്, എന്‍.സി.വിഷ്ണു, എക്‌സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
-