ചുരമിറങ്ങി തടികയറ്റിയ പിക്അപ്, ഇടിച്ചത് കുട്ടികളടക്കം നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ, യുവതിക്ക് ദാരുണാന്ത്യം

ചുരമിറങ്ങി തടികയറ്റിയ പിക്അപ്, ഇടിച്ചത് കുട്ടികളടക്കം നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ, യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരി മരണപ്പെട്ടു. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. വയനാട് ഭാഗത്ത് നിന്ന് തടിയുമായി ചുരമിറങ്ങി വന്ന പിക്കപ്പും വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് നാലു മണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്ക് ഓടിച്ച ഭർത്താവ് ഹനീഫയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. അതേസമയം, അപ്രതീക്ഷതമായി ഇന്നലെ പെഴ്ത കനത്ത മഴ വയനാടിന് വലിയ വേദനയായി മാറുകയാണ്. കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞുവീണുണ്ടായ അപകടമാണ് നാട്ടുകാരെ ഏറെ വേദനപ്പിക്കുന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരൻ നന്ദുവെന്ന ഐ ടി ഐ വിദ്യാ‍ർഥിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ഇന്ന് വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. കൽപ്പറ്റ പുളിയാർമലയിലെ ഐ ടി ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു. അപകടത്തിൽ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിരുന്നു.

എന്നാൽ നന്ദുവിന്‍റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അപ്രതീക്ഷിത അപകടത്തിൽ നന്ദുവിന്‍റെ ജീവൻ നഷ്ടമായതിന്‍റെ വേദനയിലാണ് നാടും നാട്ടുകാരും. ഇന്നലെ അപകടം നടന്ന ശേഷം നന്ദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്തുള്ള ബസ് സ്റ്റോപ്പിലെ ചിത്രങ്ങളും ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്.