
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ഖാലിദിയയിൽ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന താമസസ്ഥലത്ത് ഈ മാസം ആദ്യമുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. അപകടം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പെട്രോള്‍ പമ്പില്‍ ജോലികള്‍ക്കായി എത്തിയവരായിരുന്നു ഇവര്‍. താമസ സ്ഥലത്തെ എ.സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലപ്പുറം സ്വദേശിയായ തറക്കല്‍ അബ്‍ദുല്‍ ഹക്കീമിന്റെ (31) മൃതദേഹം ശനിയാഴ്ച രാത്രി റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. തീപിടുത്തത്തില്‍ മരണപ്പെട്ട മറ്റൊരു മലയാളിയായ മലപ്പുറം മേല്‍മുറി സ്വദേശി കാവുങ്ങാത്തൊടി ഇര്‍ഫാന്‍ ഹബീബിന്റെ (27) മൃതദേഹം ഞായറാഴ്ച രാത്രിയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലെത്തിക്കും. തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരൈ (35), കാർത്തിക കാഞ്ചിപുരം (40), അസ്ഹർ ബോംബേ (26), യോഗേഷ് കുമാർ രാമചന്ദ്ര ഗുജറാത്ത് (38) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച ജന്മദേശത്തെത്തുമെന്ന് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീക്ക് പുല്ലൂർ അറിയിച്ചു.
ഈ മാസം അഞ്ചാം തീയ്യതി അപകടം സംഭവിച്ച് മണിക്കൂറുകൾക്കും തന്നെ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തുവ്വൂരും നടപടിക്രമണങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. രണ്ട് മലപ്പുറം സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയത് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയാണ്.