പുള്ളിപ്പുലി കടിച്ചെടുത്ത മക്കളെ രക്ഷിക്കാൻ വെറും കൈയ്യോടെ അച്ഛന്റെ പോരാട്ടം



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Develope
പുള്ളിപ്പുലി കടിച്ചെടുത്ത മക്കളെ രക്ഷിക്കാൻ വെറും കൈയ്യോടെ അച്ഛന്റെ പോരാട്ടം


ഈ വർഷത്തെ മികച്ച പിതാവാരെന്ന ചോദ്യത്തിന് മിക്കവാറും ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ. ദാഹോദ് സ്വദേശിയായ അങ്കിൽ ദാമോർ എന്ന ധീരനായ തൊഴിലാളിയാണ് അത്. തന്റെ രണ്ട് പെൺമക്കളുടെജീവൻ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ചെടുത്ത അദ്ദേഹത്തിന്റെ ധൈര്യം ഗ്രാമവാസികളെ മാത്രമല്ല, വനപാലകരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ഈ പിതാവിന്റെ പ്രവൃത്തി വെറും ധീരത മാത്രമല്ല. തന്റെ കുഞ്ഞുമക്കൾക്ക് പുതുജീവൻ കൂടിയാണ് നൽകിയിരിക്കുന്നത്.

ഫുൽപൂർ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പുള്ളിപ്പുലി വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. മക്കൾ ഈ സമയം വീട്ടിൽ ഉറങ്ങുകയായിരുന്നു. അതിരാവിലെ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പുറത്ത് പോയ ശേഷം വീട്ടിലേയ്ക്ക് മടങ്ങിവന്ന ദാമോർ കാണുന്നത് തന്റെ മൂന്ന് വയസുള്ള മകൾ വൻഷയെ കടിച്ചെടുത്ത് നിൽക്കുന്ന പുളളിപ്പുലിയെ ആണ്. ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച് ദാമോർ ഒരു നിമിഷം സ്തംബ്ധനായി നിന്ന് പോയിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ ദേവഗഡ് ബാരിയ പറഞ്ഞു.

Also read: ചേരിയിലെ ഒറ്റമുറി വീട്ടിലിരുന്ന് സ്വപ്‌നം കണ്ട പതിനാലുകാരി ആഡംബര ബ്രാന്‍ഡിന്റെ മോഡലായി

തുറന്ന് കിടന്ന് വാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ച പുള്ളിപ്പുലിയുടെ നേർക്ക് ദാമോർ കുതിച്ച് ചാടുകയായിരുന്നു. പുള്ളിപ്പുലിയുടെ മുന്നിൽ ആ പിതാവ് ഒരു പാറ പോലെ ഉറച്ച് നിന്നു. ഉടനെ പുള്ളിപ്പുലി വൻഷയെ താഴെയിട്ട് സമീപത്ത് തന്നെ ഉറങ്ങുകയായിരുന്ന അഞ്ച് വയസ്സുകാരിയായ കാവ്യയെ കടിച്ച് പിടിച്ചു. ഇത്തവണ പക്ഷേ കുട്ടിയേയും കടിച്ചെടുത്ത് കൊണ്ട് പുള്ളിപ്പുലി വീടിന് പുറത്തേയ്ക്ക് രക്ഷപെട്ടു. പക്ഷേ ദാമോർ പുള്ളിപ്പുലിയ്ക്ക് പുറകെ ഓടി.

വനത്തിലൂടെ അയാൾ പുള്ളിപ്പുലിയെ പിന്തുടരുകയും അതിനെ പിടികൂടുകയും ചെയ്തു. തുടർന്ന് പുള്ളിപുലിയുമായി നിരായുധനായി പോരാടുകയായിരുന്നു. ഗത്യന്തരമില്ലാതെ പുള്ളിപ്പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി. ബഹളവും നിലവിളിയും കേട്ട് അപ്പോഴേയ്ക്കും അയൽവാസികളും എത്തി. രണ്ട് മക്കളുടെയും തലയിലും മുഖത്തും പരിക്കുണ്ട്. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുള്ളിപുലിയുമായുള്ള മൽപ്പിടുത്തതിനിടെ ദാമോറിനും നിസാര പരിക്കുകൾ പറ്റി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി ഗ്രാമത്തിൽ പുള്ളിപ്പുലിയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചു.

വാൽപ്പാറയിൽ അടുത്തിടെ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചിരുന്നു. ജാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിക്കാണ് പരിക്കേറ്റത്. ദേഹമാസകലം മുറിവേറ്റ കുട്ടിയെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്. രക്ഷിതാക്കൾക്ക് പിന്നാലെ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്. സമീപപ്രദേശങ്ങളിൽ തോട്ടം തൊഴിലാളികൾ ഉണ്ടായിരുന്നതുകൊണ്ടാണ് കുട്ടിക്ക് രക്ഷപെടാനായത്. പുലി ആക്രമിക്കാൻ തുടങ്ങിയതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു. കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയ ആളുകൾ ബഹളമുണ്ടാക്കിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

.