
കൽപ്പറ്റ: വയനാട്ടിൽ പെയ്ത കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കൽപ്പറ്റ പുളിയാർമല ഐ ടി ഐ കോളേജിന് സമീപമാണ് അപകടം. ഐ ടി ഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് കാത്ത് നിൽക്കുന്ന സമയത്താണ് തെങ്ങ് മറിഞ്ഞു വീണത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കൽപ്പറ്റ കൈനാട്ടി സിഗ്നലിന് സമീപത്തും റോഡിലേക്ക്് മരം ഒടിഞ്ഞു വീണു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം 2023 മെയ് 20 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.